ഡോക്ടർമാരുടെ മേൽനോട്ടമില്ലാതെ ചികിത്സ, ഖത്തറിലെ സ്വകാര്യ ഹെൽത്ത് സെന്ററിലെ ലേസർ, ഹൈഡ്രഫേഷ്യൽ യൂണിറ്റുകൾ അടച്ചുപൂട്ടി
ഖത്തറിലെ ഒരു സ്വകാര്യ ഹെൽത്ത് കെയർ സെൻ്ററിലുള്ള ലേസർ, ഹൈഡ്രഫേഷ്യൽ യൂണിറ്റുകൾ അടച്ചുപൂട്ടാൻ പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. തങ്ങളുടെ ലൈസൻസിന്റെ പരിധി കടന്നുള്ള ജോലികളാണ് ഈ യൂണിറ്റുകളിൽ ജോലിയുള്ള നഴ്‌സുമാർ ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
വൈദ്യോപദേശമോ ഡോക്ടറുടെ മേൽനോട്ടമോ ലഭിക്കാതെയാണ് നഴ്‌സുമാർ രോഗികളിൽ ലേസർ ചികിത്സ നടത്തുന്നതെന്ന് ആരോഗ്യ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഹൈഡ്രാഫേഷ്യൽ ചികിത്സകൾ, ചർമ്മം വൃത്തിയാക്കൽ, മറ്റു സമാനമായ സേവനങ്ങൾ എന്നിവ മന്ത്രാലയത്തിൽ നിന്ന് ശരിയായ ലൈസൻസ് ഇല്ലാത്ത ആളുകളാണ് ചെയ്യുന്നതെന്നും അവർ കണ്ടെത്തി.
ചികിത്സാ കേന്ദ്രങ്ങൾ നടത്തുന്നതിനുള്ള 1982ലെ നിയമ നമ്പർ (11), അനുബന്ധ ആരോഗ്യ മേഖലകളെ നിയന്ത്രിക്കുന്ന 1991ലെ നിയമ നമ്പർ (8) എന്നിവ ലംഘിക്കുന്നതാണ് ഈ നടപടികളെന്ന് മന്ത്രാലയം വിശദീകരിച്ചു. ഈ നിയമങ്ങൾ 1994-ലെ നിയമ നമ്പർ (14) പ്രകാരം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യ സംരക്ഷണ കേന്ദ്രത്തിനും ഉൾപ്പെട്ട വ്യക്തികൾക്കുമെതിരെ മന്ത്രാലയം നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും.