ഇനി വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും റിയാക്ഷൻ നൽകാം, പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ച് മെറ്റാ
ഉപയോക്താക്കളെ അവരുടെ പ്രധാനപ്പെട്ട കോൺടാക്‌റ്റുകളുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് വാട്ട്‌സ്ആപ്പിലെ “സ്റ്റാറ്റസ്” ഫീച്ചറിൽ പുതിയ അപ്‌ഡേറ്റുകൾ മെറ്റാ പ്രഖ്യാപിച്ചു.
അപ്‌ഡേറ്റുകളിൽ “സ്റ്റാറ്റസ് റിയാക്ഷൻസ്”, “പ്രൈവറ്റ് മെൻഷൻസ്” എന്നിങ്ങനെ രണ്ട് ഫീച്ചറുകൾ ഉൾപ്പെടുന്നു. സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്ക് മറുപടി നൽകാനുള്ള ഭാഗത്തിന്റെ അടുത്തുള്ള ലൈക്ക് ബട്ടൺ വഴി സ്റ്റാറ്റസുകൾക്ക് റിയാക്റ്റ് ചെയ്യാൻ കഴിയുന്നതാണ് “സ്റ്റാറ്റസ് റിയാക്ഷൻസ്”. സ്റ്റാറ്റസ് പോസ്റ്റ് ചെയ്‌ത വ്യക്തിക്ക് മറ്റുള്ളവർ റിയാക്റ്റ് ചെയ്‌തത് കാണാൻ കഴിയും.
മറ്റുള്ളവരെ നമ്മുടെ സ്റ്റാറ്റസിൽ സ്വകാര്യമായി മെൻഷൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് “പ്രൈവറ്റ് മെൻഷൻസ്”. മെൻഷൻ ചെയ്‌തവർക്ക് ആ സ്റ്റാറ്റസ് പങ്കിടാനോ വീണ്ടും പോസ്റ്റ് ചെയ്യാനോ കഴിയും .
ഈ അപ്‌ഡേറ്റുകൾ എല്ലാ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കും പടിപടിയായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ലോകമെമ്പാടും ലഭ്യമാകുമെന്നും മെറ്റാ പറഞ്ഞു. സ്റ്റാറ്റസുമായി ബന്ധപ്പെട്ട കൂടുതൽ ഫീച്ചറുകൾ വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്നും കമ്പനി സൂചിപ്പിച്ചു.