ദോഹ: വൈറൽ രോഗബാധയായ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) ഖത്തറിൽ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. 50 വയസ്സുള്ള ഒരു പുരുഷനാണ് രോഗം കണ്ടെത്തിയത്. ഇയാൾ ഖത്തർ പ്രവാസിയാണ്.
എം.ഇ. ആർ.എസ് രോഗ പരിചരണത്തിന്റെ ദേശീയ പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിന് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഒട്ടകങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. രോഗബാധ സ്ഥിരീകരിച്ചയാൾക്ക് ഒട്ടകങ്ങളുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു.
രോഗലക്ഷണങ്ങളില്ലാത്തവർ ഉൾപ്പെടെ രോഗിയുടെ എല്ലാ കോൺടാക്റ്റുകളും ദേശീയ പ്രോട്ടോക്കോളുകൾ അനുസരിച്ച് 14 ദിവസത്തേക്ക് നിരീക്ഷിക്കപ്പെടും.
കൊറോണ വൈറസുകളിലൊന്ന് (MERS-CoV) മൂലമുണ്ടാകുന്ന ഒരു വൈറൽ റെസ്പിറേറ്ററി രോഗമാണ് MERS. എന്നാൽ ഇത് കോവിഡ്-19 എന്നറിയപ്പെടുന്ന നോവൽ കൊറോണ വൈറസ് രോഗവുമായി ബന്ധമില്ല. രണ്ട് വൈറസുകളും അണുബാധയുടെ ഉറവിടം, പകരുന്ന രീതി, രോഗത്തിന്റെ തീവ്രത എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
എല്ലാ പൊതുജനങ്ങളോടും, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ അല്ലെങ്കിൽ രോഗപ്രതിരോധ ശേഷി തകരാറുള്ളവരോ, പൊതു ശുചിത്വ നടപടികൾ പാലിക്കാൻ MoPH ആഹ്വാനം ചെയ്തിട്ടുണ്ട്.
വെള്ളവും സോപ്പും ഉപയോഗിച്ച് പതിവായി കൈ കഴുകുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക, ഒട്ടകങ്ങളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക, പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ വൈദ്യോപദേശം തേടുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച്, രോഗം നിയന്ത്രിക്കുന്നതിനും പടരുന്നത് തടയുന്നതിനും ആവശ്യമായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതായി മന്ത്രാലയം അറിയിച്ചു