ഫുവൈരിറ്റ് ബീച്ചിൽ ആമ കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന പരിപാടിയിൽ പങ്കെടുത്ത് പരിസ്ഥിതി മന്ത്രി

ഫുവൈരിറ്റ് ബീച്ചിൽ നടന്ന ഹോക്‌സ്ബിൽ ആമ കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന പരിപാടിയിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബായ് പങ്കെടുത്തു. ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട ആമകളുടെ കൂടുകൂട്ടൽ മേഖലകളിൽ ഒന്നാണ് ഫുവൈരിറ്റ് ബീച്ച്.
എല്ലാ വർഷവും ഏപ്രിലിൽ ആരംഭിക്കുന്ന ആമകളുടെ കൂടുകൂട്ടൽ സീസണിൽ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളെയും മനസിലാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് റിസർച്ച്, ഫീൽഡ് പ്രോഗ്രാമുകൾ നടത്താൻ മന്ത്രാലയം പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആമകൾക്ക് കൂടുകൂട്ടാൻ സുരക്ഷിതമായ സ്ഥലം നൽകുന്നതിനായി ഫുവൈരിത് ബീച്ചിനെ പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചതായി അദ്ദേഹം വിശദീകരിച്ചു.
2019 മുതൽ 2025 വരെ മന്ത്രാലയം 50,000 ത്തിലധികം ആമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ടു. വേലിയേറ്റങ്ങളിൽ നിന്നും മനുഷ്യന്മാരുടെ ഇടപെടലിൽ നിന്നും ആമകളെ സംരക്ഷിക്കുന്നതിനായി ഏകദേശം 125 കൂടുകൾ ഫുവൈരിറ്റ് ബീച്ചിലേക്ക് മാറ്റി. ആമകളെ ടാഗ് ചെയ്യുന്നതിനും അവയുടെ ഡിഎൻഎ പഠിക്കുന്നതിനും അവയുടെ ചലനങ്ങൾ പിന്തുടരാൻ സാറ്റലൈറ്റ് ട്രാക്കിംഗ് ഉപയോഗിക്കുന്നതിനുമുള്ള പരിപാടികളും മന്ത്രാലയം ആരംഭിച്ചു.
ഖത്തരി ബീച്ചുകളിൽ ഓരോ വർഷവും 164 മുതൽ 345 വരെ പെൺ ആമകൾ കൂടുകൂട്ടുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ കൂടുകെട്ടൽ മേഖലകളിൽ 90 ശതമാനവും റാസ് ലഫാൻ, റാസ് റുക്ൻ, അൽ ഗാരിയ, ഫുവൈരിറ്റ് എന്നീ നാല് ബീച്ചുകളാണ്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon