കടുത്ത വേനലിൽ എയർകണ്ടീഷൻ ചെയ്‌ത പാർക്കുകൾ വ്യായാമത്തിനായി ഉപയോഗിക്കുക; നിർദ്ദേശവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

കടുത്ത വേനലിൽ ആരോഗ്യത്തോടെ തുടരാൻ എയർ കണ്ടീഷൻ ചെയ്‌ത പാർക്കുകളിൽ വ്യായാമങ്ങൾ നടത്തുകയാണ് നല്ലതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളോട് വ്യക്തമാക്കി. അൽ ഗരാഫ, ഉം അൽ സെനീം, റൗദത്ത് അൽ ഹമാമ പാർക്കുകളിൽ തണലുള്ളതും തണുപ്പുള്ളതുമായ പാതകൾ നടക്കുന്നതിനായി ലഭ്യമാണെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ മന്ത്രാലയം പറഞ്ഞു.
അൽ ഗരാഫ പാർക്കിൽ 657 മീറ്റർ എയർ കണ്ടീഷൻ ചെയ്ത വാക്കിങ്, റണ്ണിംഗ് ട്രാക്കുണ്ട്, ഇവിടെ താപനില 26 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. ട്രാക്കിന് ചുറ്റും സസ്യങ്ങളുടെ വേലിയും പച്ച പുൽത്തകിടികളും ഉണ്ട്. ഇസ്ലാമിക് മഷ്‌റബിയ ശൈലിയിലുള്ള ഡിസൈൻ തണുത്ത വായു അകത്തേക്ക് ഒഴുകാൻ അനുവദിക്കുന്നു. ട്രാക്കിലൂടെയുള്ള സോളാർ പാനലുകൾ വൈദ്യുതി ഉത്പാദിപ്പിക്കുകയും സസ്യ വേലി പരിപാലിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
343 മരങ്ങൾ, രണ്ട് വ്യായാമ സ്ഥലങ്ങൾ, 2–5, 6–12 വയസ്സ് പ്രായമുള്ള കുട്ടികൾക്കുള്ള രണ്ട് കളിസ്ഥലങ്ങൾ എന്നിവയും പാർക്കിലുണ്ട്. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. നാല് റെസ്റ്റോറന്റ് കിയോസ്‌ക്കുകൾ, ഒരു സൈക്കിൾ റെന്റൽ കിയോസ്‌ക്, സൈക്കിൾ പാർക്കിംഗ്, ടോയ്‌ലറ്റുകൾ, ബെഞ്ചുകൾ, മാലിന്യ ബിന്നുകൾ, തണലുള്ള ഇരിപ്പിടങ്ങൾ, കുടിവെള്ളത്തിനുള്ള സ്ഥലങ്ങൾ എന്നിവയാണ് മറ്റ് സൗകര്യങ്ങൾ.
ദോഹയിലെ ഐൻ ഖാലിദിൽ സ്ഥിതി ചെയ്യുന്ന ഉമ്മുൽ സെനീം പാർക്ക്, 1.143 കിലോമീറ്റർ എയർ കണ്ടീഷൻ ചെയ്ത വാക്കിങ് ട്രാക്കിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയതാണ്. ടോയ്‌ലറ്റുകൾ, കുടിവെള്ള സൗകര്യങ്ങൾ, പാർക്കിംഗ് ഏരിയകൾ, ഫിറ്റ്‌നസ് ബോക്‌സ്, ഔട്ട്‌ഡോർ ഫിറ്റ്‌നസ് ഉപകരണങ്ങൾ, സൈക്കിൾ പാത, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവയും ഇവിടെയുണ്ട്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഔട്ട്ഡോർ എയർ കണ്ടീഷൻ ചെയ്‌ത ട്രാക്കാണ് റൗദത്ത് അൽ ഹമാമ പാർക്കിലുള്ളത്, ഇതിനു 1.197 കിലോമീറ്റർ നീളമുണ്ട്. പ്രതിദിനം 10,000 സന്ദർശകരെ ഉൾക്കൊള്ളാൻ ഇതിന് കഴിയും, കൂടാതെ ഖത്തറിലെ ഏറ്റവും വലിയ പ്ലാന്റ് ക്ലോക്കും ഇവിടെയുണ്ട്. എട്ട് സർവീസ് കിയോസ്കുകൾ, 500 സീറ്റുകളുള്ള ഓപ്പൺ എയർ ആംഫി തിയേറ്റർ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർത്ഥനാ മുറികൾ, കുളിമുറികൾ എന്നിവ പാർക്കിൽ ഉൾപ്പെടുന്നു. 176,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക് 80% പച്ചപ്പുള്ള സ്ഥലമാണ്, 21 വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 1,042 മരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 100% സംസ്കരിച്ച വെള്ളത്തിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ജലസേചന സംവിധാനവും ഇവിടെ ഉപയോഗിക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t