Qatar

ലുസൈൽ ട്രാം ഒരു കോടിയിലധികം യാത്രക്കാർക്ക് സേവനം നൽകിയെന്ന് ഖത്തർ റെയിൽവേ കമ്പനി

2022 ജനുവരിയിൽ സർവീസ് ആരംഭിച്ചതിനുശേഷം ലുസൈൽ ട്രാം ശൃംഖല ഒരു കോടിയിലധികം യാത്രക്കാർക്ക് സേവനം നൽകിയെന്ന് ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) പ്രഖ്യാപിച്ചു. യാത്ര ചെയ്യാൻ വിശ്വസനീയമായ മാർഗമെന്ന ട്രാമിനെ ആളുകൾ കാണുന്നുവെന്നും, വലിയ പരിപാടികൾ ഉണ്ടാകുമ്പോൾ അവർ കൂടുതൽ ആശ്രയിക്കുന്നുണ്ടെന്നും ഇതിൽ നിന്നും വ്യക്തമാകുന്നു.

2022 ജനുവരിയിൽ ഓറഞ്ച് ലൈനിൽ ഏഴ് സ്റ്റേഷനുകളോടെയാണ് ലുസൈൽ ട്രാം ആരംഭിച്ചത്. 2024 ഏപ്രിലിൽ പിങ്ക് ലൈൻ കൂട്ടിച്ചേർക്കുകയും ഓറഞ്ച് ലൈനിലെ എല്ലാ സ്റ്റേഷനുകളും വികസിപ്പിക്കുകയും ചെയ്‌തു. 2025 ജനുവരിയിൽ ടർക്കോയ്‌സ് ലൈനും ലുസൈൽ ട്രാമിൽ കൂട്ടിച്ചേർത്തു. ഫിഫ വേൾഡ് കപ്പ് 2022, എഎഫ്‌സി ഏഷ്യൻ കപ്പ് 2023, പുതുവത്സര ആഘോഷങ്ങൾ തുടങ്ങിയ പ്രധാന പരിപാടികൾക്ക് പിന്തുണ നൽകാൻ ട്രാമിന് കഴിഞ്ഞു.

ലെഗ്തൈഫിയ, ലുസൈൽ ക്യുഎൻബി സ്റ്റേഷനുകളിൽ ദോഹ മെട്രോയുമായി ട്രാം ബന്ധിക്കപ്പെടുന്നു. യാത്രക്കാർക്ക് ഒരു കാർഡ് ഉപയോഗിച്ച് രണ്ട് സിസ്റ്റങ്ങളിലും അധിക നിരക്കില്ലാതെ യാത്ര ചെയ്യാം. 2022 ഡിസംബർ 18-നു നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ സമയത്തായിരുന്നു ട്രാമിൽ ഏറ്റവുമധികം പേർ യാത്ര ചെയ്‌തത്‌. ഒരു ദിവസം 33,000 യാത്രക്കാർ അന്ന് ട്രാമിന്റെ സേവനം ഉപയോഗപ്പെടുത്തി.

ലുസൈൽ ട്രാം ഉയർന്ന സേവനനിലവാരം പുലർത്തുന്നു. 99.90% ഉപഭോക്തൃ സംതൃപ്തിയും മികച്ച സുരക്ഷാ റെക്കോർഡുകളും ഇതിനുണ്ട്. വിശ്വാസ്യത, സമയനിഷ്ഠ, സേവന ലഭ്യത എന്നിവയെല്ലാം 98 ശതമാനത്തിന് മുകളിലാണ്. ഇത് ഖത്തർ റെയിൽ ഗതാഗത മന്ത്രാലയവുമായും മൊവാസലാത്ത് (കർവ) യുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. ഓറഞ്ച്, പിങ്ക് ലൈനുകളിലെ 12 ട്രാം സ്റ്റേഷനുകളിൽ മെട്രോ എക്സ്പ്രസ് സേവനങ്ങളും ഇതിന്റെ ഭാഗമായി നൽകുന്നു

ഗ്രൗണ്ട് ലെവൽ വൈദ്യുതി, എൽഇഡി ലൈറ്റിംഗ്, ഇലക്ട്രിക് ബ്രേക്കിംഗ് എന്നിവ ഉപയോഗിക്കുന്ന ട്രാം പരിസ്ഥിതി സൗഹൃദമാണ്. മുഴുവനായി പൂർത്തിയാകുമ്പോൾ, നെറ്റ്‌വർക്കിൽ ഓറഞ്ച്, പിങ്ക്, പർപ്പിൾ, ടർക്കോയ്‌സ് ലൈനുകളിലായി 25 സ്റ്റേഷനുകൾ ഉണ്ടാകും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button