ദോഹ: 2022-2023 സീസണിലെ ക്യുഎൻബി സ്റ്റാർസ് ലീഗിന്റെ രണ്ടാം വാരത്തിൽ അൽ അറബി അൽ റയാനെ നേരിടുന്ന മത്സരം വ്യാഴാഴ്ച പുതിയ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. ഫിഫ ലോകകപ്പ് ഖത്തർ 2022 ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരം കൂടിയാണിത്.
ആഘോഷത്തോടെയാണ് ലുസൈലിലെ ആദ്യ മത്സരത്തെ ആരാധകരും ടീമംഗങ്ങളും വരവേൽക്കുക.
ക്യുഎൻബി സ്റ്റാർസ് ലീഗിന്റെ ഈ അസാധാരണ സീസണിൽ അൽ അറബിയുടെയും അൽ റയ്യാനിന്റെയും കളിക്കാർ ഏറ്റവും ആവേശഭരിതമായാണ് ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ സീസണിൽ നാലാമതായി ഫിനിഷ് ചെയ്ത അൽ അറബി (ദി ഡ്രീം ടീം) ആദ്യ റൗണ്ടിൽ ഖത്തർ എസ്‌സിയെ 2-0ന് തോൽപ്പിച്ച് വിജയത്തോടെ തുടക്കം കുറിച്ചിട്ടുണ്ട്. ഓപ്പണിംഗ് റൗണ്ടിൽ അൽ റയാനെ (ദി ലയൺസ്) അൽ ഷമാൽ 1-0ന് തോൽപിച്ചെങ്കിലും എട്ട് തവണ ലീഗ് ചാമ്പ്യൻമാരായ ടീം പൂർവാധികം ശക്തിയോടെ തന്നെയാണ് പോരാട്ടത്തിനിറങ്ങുന്നത്.