ഇൻ്റർനാഷണൽ റിഥമിക് ജിംനാസ്റ്റിക്‌സ് ടൂർണമെന്റ് നവംബർ 20 മുതൽ ഖത്തറിൽ, ഒരുക്കങ്ങൾ പൂർത്തിയാക്കി ആസ്‌പയർ സോൺ ഫൗണ്ടേഷൻ
സ്കൈ ഗ്രേസ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന “സ്കൈ ഗ്രേസ് 2024” എന്ന ഇൻ്റർനാഷണൽ റിഥമിക് ജിംനാസ്റ്റിക്‌സ് ടൂർണമെൻ്റിനുള്ള അവസാന തയ്യാറെടുപ്പുകൾ ആസ്പയർ സോൺ ഫൗണ്ടേഷൻ പൂർത്തിയാക്കി.
നവംബർ 20 മുതൽ 22 വരെ ആസ്പയർ ഡോം ഇൻഡോർ ട്രാക്കിലാണ് ഖത്തറിന്റെ കായിക കലണ്ടറിലെ നാഴികക്കല്ലായ ഈ പരിപാടി നടക്കുന്നത്. ഉദ്ഘാടന ചടങ്ങിനും ഹൂപ്പ്, ബോൾ, ക്ലബ്‌സ്, റിബൺ, റോപ്പ് എന്നിവയുൾപ്പെടെ അഞ്ച് പ്രധാന പ്രകടനങ്ങൾക്കും ആതിഥേയത്വം വഹിക്കുന്ന വേദിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഫൗണ്ടേഷൻ അറിയിച്ചു.
മികച്ച പ്രേക്ഷക അനുഭവം ഉറപ്പാക്കാൻ ലോകോത്തര നിലവാരത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. റിഥമിക് ജിംനാസ്റ്റിക്സിൻ്റെ സാങ്കേതികവും സൗന്ദര്യാത്മകവുമായ കഴിവുകൾ ഒരുമിച്ച് ചേരുന്ന പ്രകടനങ്ങൾക്ക് പ്രേക്ഷകർ സാക്ഷ്യം വഹിക്കാൻ കഴിയുന്ന ഈ ടൂർണമെന്റ് പ്രദേശത്ത് ആദ്യമായാണ് നടക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ, കായിക മത്സരത്തിൻ്റെ ഉള്ളടക്കം മനസിലാക്കാൻ സഹായിക്കുന്ന കലാപരമായ ഷോയ്‌ക്ക് പുറമേ, ടൂർണമെൻ്റിൻ്റെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്നതിനും അതിൻ്റെ പ്രധാന നിമിഷങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്‌കൈ ഗ്രേസ് അക്കാദമിയുടെ പ്രൊമോഷണൽ ഷോയുമുണ്ടാകും.
സ്കൈ ഗ്രേസ് ടൂർണമെൻ്റ് സ്ത്രീകൾക്ക് മാത്രമുള്ളതാണ്. കളിക്കാർ റിഥമിക് ജിംനാസ്റ്റിക് ടൂളുകൾ ഉപയോഗിച്ച് കലാപരമായ സൗന്ദര്യവും ശാരീരിക ചടുലതയും സംഗീതവും ഒത്തുചേരുന്ന മനോഹരമായ പ്രകടനങ്ങൾ അവതരിപ്പിക്കും. ഓരോ പ്രകടനവും അറുപതു മുതൽ തൊണ്ണൂറ് സെക്കൻഡ് വരെ നീണ്ടു നിൽക്കുന്നതായിരിക്കും.
25 രാജ്യങ്ങളാണ് ഇൻ്റർനാഷണൽ റിഥമിക് ജിംനാസ്റ്റിക്‌സ് ടൂർണമെൻ്റിൻ്റെ രണ്ടാം പതിപ്പിൽ പങ്കെടുക്കുന്നത്.