ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് 2024: വിസ കാർഡ് ഉടമകൾക്ക് ഇന്നു മുതൽ ടിക്കറ്റുകൾ സ്വന്തമാക്കാം
ഖത്തറിൽ നടക്കുന്ന ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ടൂർണമെൻ്റിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള പ്രീ-സെയിൽ ടിക്കറ്റുകൾ ഇന്ന്, നവംബർ 14, ദോഹ സമയം ഉച്ചയ്ക്ക് 12:00 മണി മുതൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. ഈ എക്‌സ്‌ക്ലൂസീവ് പ്രീ-സെയിൽ വിസ കാർഡ് ഉടമകൾക്കുള്ളതാണ്. https://www.fifa.com/en/tickets വഴി ടിക്കറ്റുകൾ സ്വന്തമാക്കാം.
ഡിസംബർ 11-ന് CONCACAF ചാമ്പ്യൻസ് കപ്പ് നേടിയ മെക്‌സിക്കൻ ക്ലബ് പച്ചൂക്കയും CONMEBOL കോപ്പ ലിബർട്ടഡോഴ്‌സ് 2024 ഫൈനൽ വിജയിയും തമ്മിലുള്ള ഫിഫ ഡെർബി ഓഫ് അമേരിക്കാസിനു സ്റ്റേഡിയം 974 ആതിഥേയത്വം വഹിക്കും. ഈ മത്സരത്തിന്റെ കാറ്റഗറി 1 ടിക്കറ്റുകൾ QR150, കാറ്റഗറി 2 ടിക്കറ്റുകൾ QR 70, കാറ്റഗറി 3, ആക്‌സസിബിലിറ്റി ടിക്കറ്റുകൾ QR40 എന്നീ തുകക്ക് സ്വന്തമാക്കാം.
ഡിസംബർ 14-ന് സ്റ്റേഡിയം 974-ൽ തന്നെ നടക്കുന്ന ഫിഫ ഡെർബി ഓഫ് ദി അമേരിക്കാസിലെ ജേതാക്കളും CAF ചാമ്പ്യൻസ് ലീഗ് 2024 ജേതാക്കളായ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലിയും തമ്മിലുള്ള ഫിഫ ചലഞ്ചർ കപ്പ് മത്സരത്തിനുള്ള ടിക്കറ്റുകളും ഇതേ നിരക്കിൽ തന്നെ ലഭ്യമാകും.
ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് കലാശപ്പോരാട്ടത്തിൽ യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡുമായി ചാലഞ്ചർ കപ്പിലെ വിജയികൾ ഏറ്റുമുട്ടും. ഈ മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് QR200 മുതൽ QR1000 വരെയാണ്. കാറ്റഗറി 1 QR1000, കാറ്റഗറി 2 QR600, കാറ്റഗറി 2 ആൻഡ് ആക്‌സസിബിലിറ്റി ടിക്കറ്റുകൾ QR200 എന്നിങ്ങനെയാണ് വില.
അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ 2024 നവംബർ 21 മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. ഒരാൾക്ക് ആറ് ടിക്കറ്റുകൾ വാങ്ങാം. ഫിഫ സംഘടിപ്പിക്കുന്ന വാർഷിക ക്ലബ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ അരങ്ങേറ്റമാണ് ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് 2024.