രണ്ടാഴ്ച്ചയിൽ 5 ദിവസം വിദ്യാർത്ഥികൾ സ്‌കൂളിലെത്തണം, നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
ഖത്തറിൽ പുതിയ അധ്യയന വർഷം നാളെ മുതൽ ആരംഭിക്കാനിരിക്കെ കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫൗസിയ അബ്ദുൽ അസീസ് അൽ ഖതർ. പ്രധാനനിർദ്ദേശങ്ങൾ ഇങ്ങനെ:
ആകെ ശേഷിയുടെ 50 ശതമാനം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഓണ്ലൈൻ-ഓഫ്‌ലൈൻ സമ്മിശ്ര പഠനരീതി തന്നെയാണ് ഈ വർഷവും സ്‌കൂളുകളിൽ നടത്തേണ്ടത്.
സർക്കുലർ നമ്പർ 16/2020 പ്രകാരം, വിദ്യാർത്ഥികൾ എല്ലാ രണ്ടാഴ്ചകളിലും 5 ദിവസമെങ്കിലും നേരിട്ട് ക്ലാസുകളിൽ പങ്കെടുത്തിരിക്കണം. എല്ലാ ക്ലാസ് തലങ്ങളിലുമായി ഒരു വാരം 30 പാഠങ്ങൾ അധ്യാപകർ പഠിപ്പിച്ചിരിക്കണം.
സ്‌കൂൾ സമയം 7:15 മുതൽ 12:30 വരെയാക്കി കുറച്ചിട്ടുണ്ട്. 45 മിനിറ്റുകൾ വീതമുള്ള 6 ക്ലാസുകൾ ഒരു ദിവസം നടത്തണം. 25 മിനിറ്റുകൾ വീതം ഇടവേളകളും നൽകും. സ്‌കൂളുകൾ തീരുമാനിക്കുന്ന റൊട്ടേഷൻ മാതൃക പ്രകാരം മൈക്രോസോഫ്റ്റ് ടീം ഉപയോഗിച്ച് ഓണ്ലൈൻ ക്ലാസുകൾ നടത്തും.
കുറഞ്ഞ വിദ്യാർത്ഥികൾ മാത്രമുള്ള ഉൾപ്രദേശങ്ങളിലെ സ്‌കൂളുകൾ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ മുതലായവയിൽ 100% നേരിട്ടുള്ള, മുഖാമുഖം ക്ലാസുകൾ തന്നെ നടത്താം.