ഖത്തറിൽ അറസ്റ്റിലായ മുൻ ഇന്ത്യൻ നേവി അംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ
ഖത്തറിൽ അറസ്റ്റിലായ മുൻ ഇന്ത്യൻ നാവികാസേനാംഗങ്ങളായ 8 പ്രതികൾക്ക് ഖത്തർ കോടതി വധശിക്ഷ വിധിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികളിൽ ഒരു മലയാളിയും ഉൾപ്പെടും. ഖത്തർ പ്രതിരോധ സേനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അൽ ദഹ്റ ഗ്ലോബൽ ടെക്‌നോളജിസ് ആന്റ് കൺസൾട്ടൻസി എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേയാണ് തന്ത്രപ്രധാനമായ കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.
ചാരവൃത്തിയാണ് ഇവരിൽ തെളിയിക്കപ്പെട്ട കുറ്റം എന്നാണ് അനൗദ്യോഗിക വിവരം. വിഷയത്തിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് ഖത്തർ മാധ്യമങ്ങളോ സർക്കാരോ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ രഹസ്യസ്വഭാവം കണക്കിലെടുത്ത് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും ഖത്തറുമായുള്ള ആശയവിനിമയം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ക്യാപ്റ്റൻ നവ്തേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ പുരേന്ദു തിവാരി, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, കമാൻഡർ അമിത് നാഗ്പാൽ, നാവികൻ രാഗേഷ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഖത്തറിലെ കോർട്ട് ഓഫ് ഇൻസ്റ്റൻസ് ആണ് വിധി പുറപ്പെടുവിച്ചത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv