ഖത്തറിലെ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ അപ്പീൽ നൽകുന്ന കാര്യം ന്യൂ ഡൽഹി പരിഗണിക്കുന്നതായി ബ്ലൂംബർഗ് മീഡിയ റിപ്പോർട്ട് ചെയ്തു. കേസിൽ അപ്പീൽ പോകാൻ ഖത്തറിലെ ജുഡീഷ്യൽ സംവിധാനം അനുവദിക്കുന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സ്വകാര്യ കമ്പനിയുമായി ചേർന്ന് ഖത്തർ നാവികസേനയെ പരിശീലിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്ന എട്ടു ഇന്ത്യൻ എക്‌സ് നേവി അംഗങ്ങളെ ചാരവൃത്തി തെളിയിക്കപ്പെട്ടതിനെ തുടർന്ന് ഖത്തർ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷ വിധിച്ചതായി വ്യാഴാഴ്ചയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥരെ സഹായിക്കാൻ അപ്പീലും നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കുന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന് ഇന്ത്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബർഗ് മീഡിയ പറഞ്ഞു.
വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അധികാരികളുമായി ആശയവിനിമയം സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. അതേസമയം കേസിന്റെ വിശദാംശങ്ങളൊന്നും ഖത്തർ സർക്കാർ പുറത്തുവിട്ടിട്ടില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv