മോദിയുടെയും അമീറിന്റെയും കീഴിൽ ഇന്ത്യ-ഖത്തർ ബന്ധം ശക്തമെന്ന് വിദേശകാര്യ മന്ത്രി; എംബസി കെട്ടിടത്തിന് തറക്കല്ലിട്ടു

ഒനൈസയിലെ ഡിപ്ലോമാറ്റിക് എൻക്ലേവിൽ ഇന്ത്യൻ എംബസി ഓഫ് ചാൻസറി ബിൽഡിംഗിന്റെ ശിലാസ്ഥാപനം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയും ഇന്നലെ അനാച്ഛാദനം ചെയ്തു.
ദോഹയിലെ ഇന്ത്യൻ എംബസിയുടെ സ്ഥിരം വേദിയായി 5,000 ചതുരശ്ര മീറ്റർ കെട്ടിടമാണ് ഒരുങ്ങുന്നത്. ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഒരു കമ്മ്യൂണിറ്റി ഹാൾ, ഒരു ഓഡിറ്റോറിയം, കൂടാതെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക പരിപാടികൾക്കാവശ്യമായ മറ്റു വേദികൾ എന്നിവ അടങ്ങുന്നതാണ് പുതിയ എംബസ്സി.
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഖത്തർ ഉദ്യോഗസ്ഥർ, ഇന്ത്യൻ എംബസി പ്രതിനിധികൾ, പ്രവാസി കമ്മ്യൂണിറ്റി നേതാക്കൾ, ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണർ, വ്യവസായികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനെ അഭിസംബോധന ചെയ്ത ഡോ. ജയശങ്കർ തറക്കല്ലിടൽ ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. 750,000 ഇന്ത്യൻ പ്രവാസികളുടെ രണ്ടാമത്തെ ഭവനമാണ് ഖത്തർ എന്നതിനാൽ ഈ മുഹൂർത്തം പ്രധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കെട്ടിടത്തിന് സ്ഥലം അനുവദിച്ചതിന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിക്കും മറ്റ് ഖത്തരി പ്രമുഖർക്കും മന്ത്രി നന്ദി പറഞ്ഞു.
“ഉപപ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും സാന്നിധ്യം ഖത്തറിലെ എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമാണ്. ഇന്ത്യ-ഖത്തർ പങ്കാളിത്തത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയും പരസ്പര വിശ്വാസവും ഇത് പ്രതിഫലിപ്പിക്കുന്നു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് അവർ നൽകുന്ന തുടർച്ചയായ പിന്തുണക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും, ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിക്കും എന്റെ അഗാധമായ നന്ദി അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു,” ഡോ. ജയശങ്കർ പറഞ്ഞു.
2023 ൽ ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്റെ 50 വർഷം തികയുന്നതിനാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും അമീറിന്റെയും കീഴിൽ ഖത്തർ-ഇന്ത്യ ബന്ധം ശക്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു വിദേശകാര്യ മന്ത്രിമാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, രാഷ്ട്രീയ, ഡിജിറ്റല്‍ സാമ്പത്തിക, സുരക്ഷാ പങ്കാളിത്തം വിപുലീകരിക്കൽ എന്നിവ ചർച്ചയായി.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിലും ആശയങ്ങൾ കൈമാറി.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ചതായും ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.