ഖത്തറിൽ സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരുടെ ആരോഗ്യസംരക്ഷണത്തിൽ വലിയ പുരോഗതി

2018-2022ലെ ദേശീയ ആരോഗ്യ തന്ത്രത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കൊണ്ട്, സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവർക്കുള്ള ആരോഗ്യ സംരക്ഷണത്തിൽ രാജ്യത്ത് കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ ആരോഗ്യ തന്ത്രം പൊതുജനാരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുകയും ഫലങ്ങൾ കൈവരിക്കുകയും ചെയ്‌തു ഈ സംരംഭം മാതൃ ആരോഗ്യത്തിലും കുട്ടികളുടെ ആരോഗ്യത്തിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
മാതൃ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായുള്ള പരിപാടിക്ക് നേതൃത്വം നൽകുന്ന ഡോ. നജത് ഖെന്യാബ് ഇക്കാര്യത്തിൽ വലിയ പുരോഗതിയുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മിഡ്‌വൈഫറി സേവനങ്ങൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി, പ്രത്യേകിച്ച് ഗർഭകാല (ജനനത്തിന് മുമ്പ്) പരിചരണത്തിലും പ്രസവാനന്തരം (ജനനത്തിനു ശേഷം) നൽകുന്ന ഹോം കെയറിലും.
പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ വീഡിയോ സന്ദേശത്തിൽ, കൂടുതൽ സ്ത്രീകൾ ഇപ്പോൾ ഗർഭകാലത്ത് മിഡ്‌വൈഫറി പരിചരണം സ്വീകരിക്കുന്നുണ്ടെന്ന് ഡോക്റ്റർ വ്യക്തമാക്കി. രോഗികളെ സംരക്ഷിക്കുന്നതിനും ഉയർന്ന നിലവാരമുള്ള മിഡ്‌വൈഫറി സേവനങ്ങൾ നിലനിർത്തുന്നതിനും ഈ ദേശീയ ആരോഗ്യ തന്ത്രം നിയമങ്ങളും മാനദണ്ഡങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ, സ്വാഭാവിക ജനനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സിസേറിയൻ വഴിയുള്ളവയുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രത്യുൽപാദന ചികിത്സകൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിക്കുന്നതിനും അനുബന്ധമായുള്ള കരട് നിയമത്തിൻ്റെ അവലോകനത്തിനും ഈ തന്ത്രം കാരണമായിട്ടുണ്ട്.