ഖത്തറിൽ വീസ നിയമം ലംഘിച്ചവർക്ക് തിരുത്തൽ അവസരം പ്രയോജനപ്പെടുത്താം
ഖത്തറിൽ എന്‍ട്രി, എക്‌സിറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച്, വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികളുടെ നിയമപരമായ സ്റ്റാറ്റസ് തിരുത്താനുള്ള സമയപരിധി ആഭ്യന്തര മന്ത്രാലയം ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു. 2021 ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെയാണ് അനുവദിച്ച സാവകാശ പരിധി.
നിലവിൽ സാൽവ റോഡിലുള്ള സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിനെ സമീപിക്കുന്ന പ്രവാസികൾ ഈ ആനുകൂല്യത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. പാസ്‌പോർട്ടും ഓപ്പൺ ടിക്കറ്റും മാത്രമാണ് കൊണ്ടുവരേണ്ട രേഖകൾ. ഇങ്ങനെയെത്തുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ നടപടികൾ പൂർത്തിയാക്കി ക്ലിയറൻസ് സർട്ടിഫിക്കറ്റ് (എക്സിറ്റ് പെർമിറ്റ്) ലഭിച്ച് നാട്ടിലേക്ക് മടങ്ങാനാവും. മിതമായ പിഴയടച്ച് മറ്റൊരു വീസയിൽ വീണ്ടും ഖത്തറിലേക്ക് വരാനും നിയമതടസ്സമില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
അനധികൃതമായി താമസിച്ചതിന് യാതൊരു നിയമനടപടിയും നേരിടേണ്ടി വരുന്നില്ല. മറ്റേതെങ്കിലും കേസുകൾ കൊണ്ടോ മറ്റോ എക്സിറ്റ് പെർമിറ്റ് പാസ്സാവുന്നില്ലെങ്കിൽ അത് നീക്കാനുള്ള മാർഗനിർദ്ദേശവും ഓഫീസിൽ നിന്ന് ലഭിക്കും.
ഉമ്മ് സലാല്‍, ഉമ്മ് സുനൈം (മുൻപ് ഇൻഡസ്ട്രിയൽ ഏരിയ), മെസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലും ഒത്തുതീര്‍പ്പിനായി സമീപിക്കാം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറു മണി വരെയാണ് ഒത്തുതീര്‍പ്പിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
റെസിഡൻസി ചട്ടം ലംഘിച്ച പ്രവാസികൾ, തൊഴിൽ വീസ ചട്ടം ലംഘിച്ച പ്രവാസികൾ, ഫാമിലി വിസിറ്റ് വിസ ചട്ടം ലംഘിച്ച പ്രവാസികൾ എന്നിവർക്കാണ് ഈ അവസരം പ്രയോജനപ്പെടുക. മേൽപ്പറഞ്ഞ വീസ നിയമങ്ങൾ ലംഘിച്ചു ഖത്തറിൽ അനധികൃതമായി താമസിക്കുന്ന ആർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.