സുഹൈൽ നക്ഷത്രമുദിച്ചിട്ടും രക്ഷയില്ല, ഖത്തറിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
ഇന്ന്, ഓഗസ്റ്റ് 28 രാത്രി രാജ്യത്തുടനീളം ഉയർന്ന ഹ്യൂമിഡിറ്റി അനുഭവപ്പെടുമെന്നു ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ചില പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.
കടുത്ത വേനലിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന അൽ-താർഫ് കാലഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, താപനില താഴുമെങ്കിലും അതിനു മുന്നോടിയായി ചിലപ്പോൾ ഹ്യൂമിഡിറ്റി ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചു. ഇത് ചിലപ്പോൾ ഉയർന്ന നിലയിലായിരിക്കാം.
ദോഹയിൽ നാളത്തെ താപനില 34 ഡിഗ്രി സെൽഷ്യസിനും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥ മൂടിയതായിരിക്കും, പക്ഷേ പകൽ സമയത്ത് മേഘങ്ങൾ കുറഞ്ഞ് വളരെ ചൂടുള്ള സാഹചര്യമായിരിക്കും ഉണ്ടാവുക.
46 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. ഷഹാനിയയിലും കരാനയിലുമാണ് ഈ താപനില രേഖപ്പെടുത്തിയത്.
ഈ കാലാവസ്ഥാ സാഹചര്യങ്ങളിൽ ശരീരത്തിലെ ജലാംശം നിലനിർത്താനും നന്നായി വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ തുടരാനും ക്യുഎംഡി എല്ലാവരേയും ഉപദേശിക്കുന്നു.