ആദ്യമായി ഫ്രോസൺ പാക്ക് ചെയ്‌ത ചുവന്ന രക്താണുക്കൾ ഉപയോഗിച്ച് വിജയകരമായി രക്തം മാറ്റിവെച്ചു; സുപ്രധാന നാഴികക്കല്ലുമായി എച്ച്എംസി

ആദ്യമായി ഫ്രോസൺ പായ്ക്ക് ചെയ്‌ത ചുവന്ന രക്താണുക്കൾ (PRBCs) ഉപയോഗിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) സങ്കീർണ്ണമായ രോഗാവസ്ഥയിലുള്ള ഒരാൾക്ക് വിജയകരമായി ബ്ലഡ് ട്രാൻസ്‍ഫ്യൂഷൻ (രക്തം മാറ്റിവെക്കൽ) നടത്തി.
തലസീമിയ മേജർ എന്ന രോഗാവസ്ഥയും രക്തവുമായി ബന്ധപ്പെട്ട നിരവധി സങ്കീർണതകളും ഉള്ള ഒരു രോഗിയിൽ ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വകുപ്പാണ് രക്തം മാറ്റിവെക്കൽ നടത്തിയത്. അതിനു ശേഷം പാർശ്വഫലങ്ങളൊന്നും കാണിക്കാതെ രോഗി നല്ല രീതിയിൽ തന്നെ പ്രതികരിച്ചു. സ്ഥിരതയുള്ള ഹീമോഗ്ലോബിൻ അളവ്, അവയവങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനം എന്നിവയുൾപ്പെടെ വലിയ ആരോഗ്യ പുരോഗതിയും രോഗിയിലുണ്ടായി.
HMC-യുടെ പുതിയ PRBC സ്റ്റോറേജിൽ നിന്നുള്ള ശീതീകരിച്ച ചുവന്ന രക്താണുക്കൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഈ കോശങ്ങൾ പ്രത്യേകം പ്രോസസ്സ് ചെയ്‌ത് വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കുന്നു, ഇത് 30 വർഷം വരെ സൂക്ഷിക്കാനാകും. അപൂർവമോ തമ്മിൽ ചേരാൻ പ്രയാസമുള്ളതോ ആയ രക്തഗ്രൂപ്പുകൾക്ക് ഇത് വളരെയധികം ഉപയോഗപ്രദമാണ്.
ഉപയോഗിക്കുന്നതിന് മുമ്പ്, ശീതീകരിച്ച രക്തം ശ്രദ്ധാപൂർവ്വം ഉരുക്കി, വൃത്തിയാക്കി മാറ്റിവെക്കുന്നതിനു വേണ്ടി സുരക്ഷിതമാക്കുന്നു.
നൂതന ചികിത്സകൾ നൽകുന്നതിൽ ഇത് ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് HMC-യിലെ ക്ലിനിക്കൽ സർവീസസ് ചെയർ ഡോ. ഐനാസ് അൽ കുവാരി പറഞ്ഞു. ട്രാൻസ്ഫ്യൂഷൻ മെഡിസിനിലെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അപൂർവ രക്തഗ്രൂപ്പുകളുള്ള രോഗികൾക്ക് ആവശ്യമായ സഹായം കൃത്യസമയത്തു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഫ്രോസൺ പിആർബിസികൾ സഹായിക്കുന്നുവെന്ന് അവർ വിശദീകരിച്ചു.
ഡോ. സാറ അദേൽ സലിം, ഡോ. ആയിഷ ഇബ്രാഹിം അൽ മാൽക്കി, ഡോ. സലൂവ അൽ ഹിമിസി എന്നിവരുടെ നേതൃത്വത്തിലുള്ള ട്രാൻസ്ഫ്യൂഷൻ മെഡിസിൻ സംഘമാണ് ഈ നേട്ടം സാധ്യമാക്കിയത്.
മേഖലയിൽ ഏറ്റവും മികച്ച പരിചരണം എല്ലാവർക്കും നൽകുന്നതിൽ എച്ച്എംസിയുടെ ശക്തമായ പങ്ക് ഇതിന്റെ വിജയത്തിലൂടെ വ്യക്തമാകുന്നുവെന്ന് ഡോ. അൽ കുവാരി കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv