സീലൈൻ ഏരിയയിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ മെഡിക്കൽ ക്ലിനിക്ക് ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതൽ പ്രവർത്തനം ആരംഭിച്ചു. 12 വർഷമായി പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്ക് ഈ വർഷത്തെ വിന്റർ ക്യാമ്പിംഗിന് സമാന്തരമായാണ് വീണ്ടും തുറക്കുന്നത്.
ക്യാമ്പിംഗ് സീസണ് തീരുന്നത് വരെ എല്ലാ വ്യാഴാഴ്ചയും ഉച്ച തിരിഞ്ഞ് 3 മണി മുതൽ ശനിയാഴ്ച വൈകിട്ട് 5 വരെ മെഡിക്കൽ ക്ലിനിക്ക് പ്രവർത്തിക്കും.
24 മണിക്കൂർ ആംബുലൻസ് സേവനവും മണൽ മേഖലകളിൽ നിന്ന് രോഗികളെ ക്ലിനിക്കിലേക്കോ ആംബുലൻസിലേക്കോ മാറ്റാനുള്ള രണ്ട് 4×4 എമർജൻസി റെസ്പോണ്സ് വാഹനങ്ങളും ഇവിടെ പ്രവർത്തിക്കും.
ക്യാമ്പിംഗ് മേഖലകളിലെ എല്ലാ ബുദ്ധിമുട്ടേറിയ വഴികളിലൂടെയും സഞ്ചരിക്കാവുന്ന രീതിയിലാണ് ഈ വാഹനങ്ങൾ മോഡിഫൈ ചെയ്തിരിക്കുന്നത്. വീക്കെന്റുകളിലും അവധി ദിവസങ്ങളിലും ഖത്തർ ടൂറിസവുമായി സഹകരിച്ച് ആംബുലൻസുകളുടെ എണ്ണം 6 ആയും 4×4 വാഹനങ്ങൾ 5 ആയും ഉയർത്തും.
സീലൈൻ മേഖലയിലെ എല്ലാ ക്യാമ്പിംഗ് സഞ്ചാരികൾക്കും ഏറ്റവും സുരക്ഷിതമായ ആരോഗ്യസേവനം ലക്ഷ്യമിട്ട് കൊണ്ടാണ് എച്ച്എംസി സജ്ജീകരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.