ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ ലബോറട്ടറി മെഡിസിൻ ആന്റ് പാത്തോളജി വിഭാഗം ചെയർപേഴ്‌സണ് ആയ ഡോ.എയ്നാസ് അൽ കുവൈരിയെ ലോകാരോഗ്യ സംഘടനയുടെ സ്പെഷ്യലൈസ്ഡ് ക്യാൻസർ ഏജൻസിയായ ‘ഇന്റർനാഷണൽ ഏജൻസി ഫോർ കാൻസർ റിസർച്ചി’ (IARC) ന്റെ ശാസ്ത്ര കൗണ്സിൽ അംഗമായി തിരഞ്ഞെടുത്തു.
കാൻസർ ഗവേഷണ രംഗത്തെ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്താനായി 27 രാജ്യങ്ങൾ അംഗങ്ങളായുള്ള സമിതിയാണ് IARC. കൗണ്സിലിലേക്ക് ഖത്തറിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയായ അൽ കുവൈരി ഈ വർഷം ലോകമെമ്പാടുമായി തിരഞ്ഞെടുക്കപ്പെട്ട 6 പുതിയ അംഗങ്ങളിൽ ഒരാളുമാണ്. ലണ്ടനിലെ ലിയോണ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയിൽ 4 വർഷമാണ് കുവൈരിയുടെ കാലാവധി.
കഴിഞ്ഞ 50 വർഷത്തോളമായി അന്താരാഷ്ട്ര കാൻസർ ഗവേഷണ രംഗത്ത് സ്വതന്ത്രവും മൗലികവുമായ കണ്ടുപിടിത്തങ്ങളുമായി മുന്നേറുന്ന IARC യുടെ പ്രവർത്തനങ്ങളുടെ മൂല്യനിർണയവും വിദഗ്ധോപദേശവുമാണ് കൗണ്സിലിന്റെ പ്രധാന ചുമതല. തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുള്ളതായി അൽ കുവൈരി പറഞ്ഞു.