ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ ഇഹ്തിറാസിലെ ഗോൾഡൻ ഫ്രെയിം നഷ്ടമാകും!
ഖത്തറിൽ രണ്ട് ഡോസ് വാക്സീനുകൾ പൂർത്തിയാക്കിയവർ രണ്ടാം ഡോസിന് ഒരു വർഷത്തിന് ശേഷവും ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ അവരുടെ ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഗോൾഡൻ ഫ്രെയിം നഷ്ടമാകുമെന്ന് മുന്നറിയിപ്പ്.
ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും ആരോഗ്യ വകുപ്പ് ഉന്നതനുമായ ഡോ.യൂസഫ് അൽ മസൽമാനിയാണ് തിങ്കളാഴ്ച ഖത്തർ ടിവിയിലെ സോഷ്യൽ ഡിസ്റ്റൻസ് സംബന്ധിച്ച പരിപാടിയിൽ ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ, ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ഇഹ്തിറാസിൽ ‘ഗോൾഡ് സ്റ്റാറ്റസ്’ നിലനിർത്താൻ രണ്ടാം ഡോസിന് ശേഷം 12 മാസത്തിൽ കവിയാത്ത കാലയളവിൽ എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് നിർദ്ദേശമുണ്ട്.
രാജ്യത്ത് രണ്ട് ഡോസ് വാക്സീനേഷൻ പൂർത്തിയാക്കിയവർക്ക് അത് തെളിയിക്കാനും ഇളവുകൾ ലഭിക്കാനുമുള്ള ഇഹ്തിറാസ് അടയാളമാണ് ഗോൾഡൻ ഫ്രെയിം.
അതേസമയം, ഇഹ്തിറാസിലെ പുതിയ അപ്‌ഡേറ്റിൽ, ഗോൾഡൻ ഫ്രെയിം ചലിക്കുന്ന രീതിയിലാക്കി ക്രമീകരിച്ചിട്ടുണ്ട്. നേരത്തെ സ്ഥായിയായ ഫ്രെയിമിന്റെ സ്ഥാനത്താണിത്.
രണ്ടാം ഡോസിന് ശേഷം ബൂസ്റ്റർ ഡോസെടുക്കാനുള്ള ഇടവേള 6 മാസമായി ഈയിടെ ആരോഗ്യമന്ത്രാലയം കുറച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വാക്സീൻ എടുത്തവർക്കും ഖത്തറിൽ ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് അധികൃതരുടെ അറിയിപ്പ്.