പ്രവാസികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്: ആദ്യഘട്ടം സന്ദർശകരെ കേന്ദ്രീകരിച്ച്
ദോഹ: ഖത്തറിൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നിയമം അർത്ഥമാക്കുന്നത് എല്ലാ താമസക്കാരും സന്ദർശകരും പൊതുജനാരോഗ്യ മന്ത്രാലയം രജിസ്റ്റർ ചെയ്ത ഇൻഷുറൻസ് കമ്പനികൾ മുഖേന ആരോഗ്യ ഇൻഷുറൻസ് എടുത്ത് അടിസ്ഥാന ആരോഗ്യ സേവനങ്ങൾ നേടണമെന്നാണ്.
നിയമം നടപ്പാക്കുന്നത് ഉറപ്പാക്കാൻ, ഘട്ടം ഘട്ടമായുള്ള സമീപനം പിന്തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടം സന്ദർശകരെ കേന്ദ്രീകരിച്ചായിരിക്കും. മറ്റു ഘട്ടങ്ങൾ ചില വ്യവസ്ഥകൾക്കും നടപടികൾക്കും അനുസൃതമായി പിന്നീട് പ്രഖ്യാപിക്കും.
കൂടാതെ, ഖത്തറിന്റെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സംവിധാനം പൊതു-സ്വകാര്യ മേഖലകളിലെ ഖത്തറികളല്ലാത്ത തൊഴിലാളികൾ, കൈത്തൊഴിലാളികൾ, കരകൗശലത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, സന്ദർശകർ എന്നിവരെ ഉൾക്കൊള്ളുന്നുവെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ജിസിഒ) അറിയിച്ചു.
ഖത്തറിലെ ആരോഗ്യ സേവനങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച കരട് പ്രമേയത്തിന് കാബിനറ്റ് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇൻഫോഗ്രാഫിക്കിലൂടെയുള്ള ജിസിഒ വിശദീകരണം.
ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ ഗുണഭോക്താവിന്റെ അവകാശങ്ങളും ബാധ്യതകളും, ഇൻഷുറൻസ് കമ്പനിയുടെയും ആരോഗ്യ സേവന ദാതാക്കളുടെയും ബാധ്യതകൾ, ആരോഗ്യ സേവനങ്ങളുടെ മേൽനോട്ടവും നിയന്ത്രണവും എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും കരട് നിയന്ത്രണത്തിൽ ഉൾപ്പെടുന്നുവെന്ന് ഔദ്യോഗിക ഖത്തർ വാർത്താ ഏജൻസി അറിയിച്ചു.
നിയമത്തിലെ വിശദമായ വ്യവസ്ഥകൾ ഉൾപ്പെടുന്ന കരട് എക്‌സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയിരുന്നു.