ദോഹ: 2022 ഫിഫ ഖത്തർ ലോകകപ്പിൽ വോളണ്ടിയർ ടീമിന്റെ ഭാഗമാകാനുള്ള അപേക്ഷകൾ ഇപ്പോൾ volunteer.fifa.com ൽ ആരംഭിച്ചു.
സ്റ്റേഡിയങ്ങൾ, പരിശീലന സൈറ്റുകൾ, എയർപോർട്ട്, ഫാൻ സോണുകൾ, ഹോട്ടലുകൾ, പൊതുഗതാഗത കേന്ദ്രങ്ങൾ തുടങ്ങിയ ഔദ്യോഗിക, അനൗദ്യോഗിക സൈറ്റുകളിലായി 45 പ്രവർത്തന മേഖലകളിലായി 20,000 വോളന്റിയർമാർ ലോകകപ്പിന് വേണ്ടി പ്രവർത്തിക്കും.
2022 ഒക്ടോബർ 1-ന് അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും വേണം – അറബിക് ഭാഷാ പ്രവീണ്യവും ഒരു മികവാണ്. മുൻ പരിചയം ആവശ്യമില്ല.
കൂടാതെ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
തിരഞ്ഞെടുക്കപ്പെട്ട വോളന്റിയർമാർക്ക് അവരുടെ ഷിഫ്റ്റ് സമയത്ത് ഭക്ഷണത്തോടൊപ്പം ഒരു ലിമിറ്റഡ് എഡിഷൻ അഡിഡാസ് യൂണിഫോമും പൊതുഗതാഗതത്തിലേക്കുള്ള സൗജന്യ പ്രവേശനവും ലഭിക്കും.
FIFA ലോകകപ്പ് ഖത്തർ 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കും, എന്നാൽ ചില വോളണ്ടിയർ റോളുകൾ ഒക്ടോബർ 1 മുതൽ ആരംഭിക്കും.
ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോളണ്ടിയർ പ്രോഗ്രാമിന്റെ കിക്ക്-ഓഫ് ഇന്ന് രാത്രി 8:00 ന് (ദോഹ സമയം) നഗരത്തിലെ കത്താറ ആംഫി തിയേറ്ററിൽ നടക്കുന്ന തത്സമയ പരിപാടിയിലൂടെ ആരംഭിക്കും. ചടങ്ങ് ഫിഫയുടെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.