ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ്: മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ പൊതു വിൽപ്പന ആരംഭിച്ചു
ഖത്തറിൽ നടക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ അവസാന മൂന്നു മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ പൊതു വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചു. വിസ കാർഡ് ഉടമകൾക്കുള്ള പ്രീ സെയിൽ നവംബർ 14 മുതൽ ആരംഭിച്ചത് അവസാനിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ ഏതൊരാൾക്കും ടിക്കറ്റ് സ്വന്തമാക്കാൻ കഴിയും. ഒരാൾക്ക് ആറു ടിക്കറ്റ് വരെയാണ് ലഭിക്കുക. ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ ടിക്കറ്റ് സ്വന്തമാക്കാൻ കഴിയുകയുള്ളൂ. ഏതാണ്ട് ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകളാണ് ലഭ്യമാവുക.
സ്‌പാനിഷ് ക്ലബായ റയൽ മാഡ്രിഡ്, മെക്‌സിക്കൻ ക്ലബായ പാച്ചൂക, ഈജിപ്ഷ്യൻ ക്ലബായ അൽ അഹ്ലി, നവംബർ 30നു നടക്കുന്ന കോപ്പ ലിബർട്ടഡോറസ് ഫൈനൽ വിജയിക്കുന്ന ടീം എന്നിവരാണ് ഖത്തറിൽ നടക്കുന്ന മത്സരങ്ങളിൽ ഇറങ്ങുക.
ആദ്യത്തെ രണ്ടു മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ 40 ഖത്തർ റിയാൽ മുതലാണ് ആരംഭിക്കുന്നത്. അതേസമയം റയൽ മാഡ്രിഡ് ഇറങ്ങുന്ന ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റിന്റെ വില ആരംഭിക്കുന്നത് ഇരുനൂറു റിയാലിലാണ്. ഡിസംബർ 11 , 14, 18 തീയതികളിലാണ് മത്സരം നടക്കുന്നത്.