പോപ് താരം എൻറിക് ഇഗ്ലേഷ്യസിന്റെ ഷോ ഖത്തറിൽ
‘ബെയ്‌ലാമോസ്’, ‘റിഥം ഡിവൈൻ’, ‘ഹീറോ’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സ്പാനിഷ് ‘മൾട്ടി-പ്ലാറ്റിനം’ പോപ്പ് ഗായകൻ എൻറിക് ഇഗ്ലേഷ്യസ് അടുത്ത മാസം ലൈവ് മ്യൂസിക്ക് ഷോയ്ക്കായി ദോഹയിലെത്തും. ഒക്ടോബർ 21-ന് ദോഹ ഗോൾഫ് ക്ലബ്ബിലാണ് ലോകമെങ്ങും ആരാധകരുള്ള പോപ്പ് ഐക്കൺ പരിപാടി അവതരിപ്പിക്കുക.
ഖത്തർ എയർവേയ്‌സും ഖത്തർ ടൂറിസവും ചേർന്ന്, ഉരീദു സ്‌പോൺസർ ചെയ്‌ത് ആൽക്കെമി പ്രോജക്‌റ്റ് സംഘടിപ്പിക്കുന്ന 90 മിനിറ്റ് ദൈർഖ്യമുള്ള ഷോ, വൈകിട്ട് 7 മണി മുതൽ ആരാധകരെ സ്വീകരിക്കുകയും രാത്രി 10 മണിക്ക് ആരംഭിക്കുകയും ചെയ്യും.
ഷോയുടെ ബുക്കിംഗ് Tixbox, Virginmegastore, Q-ടിക്കറ്റ്സ് എന്നിവയിൽ ലഭ്യമാകും. ടിക്കറ്റുകളോ അവയുടെ വിലയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ എണ്ണമറ്റ അവാർഡുകളോടെ ശ്രദ്ധേയനായ എൻറിക് ഇഗ്ലേഷ്യസ് പോപ്പ് സംഗീതത്തിലെ മിന്നും താരമാണ്. ലോകമെമ്പാടും 180 ദശലക്ഷത്തിലധികം ആൽബങ്ങളുടെ വിൽപന റെക്കോഡുള്ള ഇഗ്ലേഷ്യസ് 11 സ്റ്റുഡിയോ ആൽബങ്ങളും 3 ഹിറ്റ് സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
10 ദശലക്ഷത്തിലധികം ആരാധകർക്ക് മുന്നിൽ ഷോ അവതരിപ്പിച്ച ഇഗ്ലേഷ്യസ് 10 ലോക പര്യടനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ആരാധകരുമൊത്തുള്ള ലൈംഗികപരമായ ഉള്ളടക്കങ്ങൾ കൊണ്ട് വിവാദപരവുമാണ് ഇഗ്ലേഷ്യസിന്റെ ഷോകൾ.