2025 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ആയിരിക്കുമോ എന്ന കാര്യത്തിൽ ഇന്ത്യൻ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ വ്യാപകമായി. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഒരു വർഷം നാലാം തവണയും, കഴിഞ്ഞ 6 മാസത്തിൽ മൂന്നാം തവണയും ദോഹ സന്ദർശിക്കുന്നു എന്ന പശ്ചാത്തലത്തിലാണ് അഭ്യൂഹങ്ങൾക്ക് ജീവൻ വെച്ചത്. ജയശങ്കറിന്റെ തിങ്കളാഴ്ച ആരംഭിച്ച ത്രിദിന സന്ദർശനം ഇന്നവസാനിക്കും.
അതേസമയം, അടുത്ത മാസം തുടക്കത്തിൽ ജയശങ്കർ വീണ്ടും ദോഹ സന്ദർശിച്ചേക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. തദവസരത്തിൽ, അമീർ ഷെയ്ഖ് തമീമുമായും കൂടിക്കാഴ്ചയുണ്ടാകും.
ഡോ. ജയ്ശങ്കർ ഒരു മാസം മുമ്പ് ദോഹ ഫോറത്തിനായി ദോഹ സന്ദർശിച്ചിരുന്നു. ഈ വർഷം ജൂൺ, ഫെബ്രുവരി മാസങ്ങളിൽ നേരത്തെ സന്ദർശനങ്ങൾ നടത്തിയിരുന്നു.
ഖത്തർ ഇന്ത്യയുടെ ശക്തമായ വ്യാപാര പങ്കാളിയാണ്. 2023–24 ൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 14.08 ബില്യൺ യുഎസ് ഡോളറായിരുന്നു.
2025 ൽ ഇന്ത്യയിൽ ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് (ജെഡബ്ല്യുജി) മീറ്റിംഗും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഈ വർഷം ആദ്യം ഇന്ത്യ ഖത്തറുമായി ഏറ്റവും വലിയ നയതന്ത്ര നീക്കങ്ങൾക്ക് ഒന്നിന് നേതൃത്വം നൽകിയിരുന്നു. എട്ട് ഇന്ത്യൻ നാവിക സൈനികരുടെ വധശിക്ഷ ഖത്തർ റദ്ദാക്കുകയും അതിൽ ഏഴ് പേർ ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.
അതേസമയം, നിലവിലെ സന്ദർശന വേളയിൽ ഡോ. ജയ്ശങ്കർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി വ്യാപാരവും രാഷ്ട്രീയവുമായ ഉഭയകക്ഷി വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp