മെഡിക്കൽ പ്രൊഫഷൻ നിയമങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിനും പുറമെ വ്യാജരേഖ ചമച്ചതിനുമായി, സ്വകാര്യ മെഡിക്കൽ സെൻ്ററിൽ ജോലി ചെയ്യുന്ന രണ്ട് ഡോക്ടർമാരെയും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനിലെ നഴ്‌സിനേയും സഹിതം ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു.
ഔദ്യോഗിക അവധികൾ ലഭിക്കുന്നതിനായി സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന നിരവധി വ്യക്തികൾക്കുൾപ്പടെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ചമച്ചു നൽകി എന്നതാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ട കുറ്റം. ഇതിന് പകരമായി പ്രതികൾ അനധികൃതമായി പണം സമ്പാദിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു.
കുറ്റാരോപിതരായ ഡോക്ടർമാർ മെഡിക്കൽ പ്രൊഫഷൻ്റെ നൈതികതയും നിയമങ്ങളും ലംഘിച്ചതിന് പുറമെ, പ്രതികൾ നടത്തിയ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ളവ ഗുരുതരമായ കുറ്റമാണ്,” പ്രോസിക്യൂഷൻ പറഞ്ഞു.
“പബ്ലിക് ഹെൽത്ത് മന്ത്രാലയവുമായി ഏകോപിപ്പിച്ച് മുമ്പ് അറസ്റ്റിലായ പ്രതികളുടെ അന്വേഷണം പ്രോസിക്യൂഷൻ പൂർത്തിയാക്കിയിരുന്നു. ജുഡീഷ്യൽ അധികാരമുള്ള മന്ത്രാലയത്തിലെ ജീവനക്കാർ ഈ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുകയും അവയെക്കുറിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു,” അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD