സീലൈനിൽ ചത്ത തിമിംഗലത്തെ സംസ്കരിച്ചു – വിഡിയോ
ദോഹ: കഴിഞ്ഞയാഴ്ച സീലൈൻ മേഖലയിൽ കണ്ടെത്തിയ ചത്ത തിമിംഗലത്തെ ഇന്നലെ സംസ്കരിച്ചതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) അറിയിച്ചു.
14 മീറ്റർ നീളമുള്ള ബ്രൈഡ് തിമിംഗലത്തെ മാലിന്യവും അസുഖകരമായ ദുർഗന്ധവും അകറ്റുന്നതിനും കടൽത്തീരം വൃത്തിയായി സൂക്ഷിക്കുന്നതിനുമായി മന്ത്രാലയത്തിലെ നാച്ചുറൽ റിസർവ് ഡിപ്പാർട്ട്മെന്റിലെ ഒരു സംഘം ഇന്നലെ സംസ്കരിച്ചു.
സോഷ്യൽ മീഡിയയിൽ ഇതിന്റെ ഒരു വീഡിയോയും ഫോട്ടോയും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.
സെപ്റ്റംബർ 16 ന് രാവിലെ സീലൈനിൽ ചത്ത നിലയിൽ കണ്ടെത്തിയ പെൺ തിമിംഗലം പ്രായാധിക്യം മൂലം പട്ടിണി കിടന്നാണ് ചത്തതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
തിമിംഗലത്തിന്റെ ബലീൻ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഒരു തിമിംഗലത്തിന്റെ വായയ്ക്കുള്ളിലെ ഫിൽട്ടർ ഫീഡിംഗ് സംവിധാനമാണ് ബലീൻ, ഇത് ഭക്ഷണത്തിനായി കടൽജലം അരിച്ചെടുക്കാൻ ഉപയോഗിക്കുന്നു. ഇതിനാൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്നാണ് തിമിംഗലം ചത്തതെന്ന് റിപ്പോർട്ട് പറഞ്ഞു.