ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലായായ ലുലു ഹൈപ്പർമാർക്കറ്റിൽ തിങ്കളാഴ്ച മുതൽ തുടങ്ങിയ ഈത്തപ്പഴ വാരാഘോഷ മേള ജനശ്രദ്ധ ആകർഷിക്കുന്നു. ജൂലൈ 19 മുതൽ ഓഗസ്റ്റ് 11 വരെ ഖത്തറിൽ നടക്കുന്ന ആറാമത് തദ്ദേശീയ ഈത്തപ്പഴ ഫെസ്റ്റിവലിന്റെ ഭാഗമായ ലുലു ഹൈപ്പർമാർക്കറ്റ് ‘ഈത്തപ്പഴ വാരം’ ഓഗസ്റ്റ് 6 വെള്ളിയാഴ്ച വരെയാണ് നീണ്ടു നിൽക്കുക. നഗരസഭാ-പരിസ്‌ഥിതി മന്ത്രാലയവുമായി സഹകരിച്ചാണ് സംഘാടനം.
ഖലാഷ്, ഷിഷി, ബുർഹി, ഖിനിസി, ഗുർഹ് തുടങ്ങിയ ശ്രദ്ധേയാമായ പ്രാദേശിക ഇനങ്ങളുടെ പ്രദർശനത്തിനൊപ്പം അവ സബ്‌സിഡി നിരക്കിൽ കുറഞ്ഞ വിലയിലുമാണ് വിൽപ്പനക്ക് ലഭ്യമാവുന്നത്.
ഖത്തറിലെ പ്രാദേശിക കർഷകരെയും ഫാമുകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈത്തപ്പഴ മേളകൾക്ക് ഖത്തറിലുടനീളം പൊതുജനങ്ങളിൽ നിന്ന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ജൂലൈ 30 ന് സൂഖ് വാഖിഫിൽ സമാപിച്ച ഈത്തപ്പഴ മേളയിൽ 135 ടണ് ഫലങ്ങളാണ് വിറ്റഴിഞ്ഞത്. ലുലുവിന് പുറമെ, അൽ മീറ സൂപ്പർമാർക്കറ്റ് ശാഖകളിലും നിലവിൽ പ്രത്യേക ഈത്തപ്പഴ വിപണികൾ പ്രവർത്തിക്കുന്നുണ്ട്.