ഖത്തറിൽ തടഞ്ഞു വെച്ച മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദോഹയിലെ ദഹ്റ കൺസൾട്ടൻസിയിൽ ജോലി ചെയ്യുന്ന എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ ഖത്തറിൽ തടഞ്ഞു വെച്ചിട്ട് നാല് മാസം പിന്നിടുന്നതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്നുമുതൽ ഇവർ ഏകാന്ത തടവിലാണെന്നും റിപ്പോർട്ട് പറയുന്നു. ഇവരുടെ അഞ്ചാം തവണയുള്ള ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
ഇവർക്കെതിരെ ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. എന്നാൽ ഇസ്രായേലുമായുള്ള ചാരവൃത്തി ഉൾപ്പെടെയുള്ള ആരോപണങ്ങൾ നില നിൽക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഇന്ത്യൻ വൃത്തങ്ങൾ തള്ളി.
ദോഹയിൽ കുടുംബാംഗങ്ങളുള്ളവർക്ക് അവരുമായി ആഴ്ചയിലൊരിക്കൽ നേരിട്ട് കൂടിക്കാഴ്ചകൾ നടത്താൻ അനുവാദമുണ്ട്. എന്നാൽ ഇന്ത്യയിലുള്ള കുടുംബങ്ങൾക്ക് ലോകകപ്പ് കാരണം ഖത്തർ വിസ ലഭിച്ചിട്ടില്ല. ലോകകപ്പ് സീസണിൽ ഹയ്യ കാർഡ് ലഭിക്കാൻ മാച്ച് ടിക്കറ്റ് വേണ്ടിയിരുന്നു എന്നതാണ് കാരണം. ഇവർക്ക് എല്ലാ ആഴ്ചയിലും 10 മിനിറ്റ് ഫോൺ കോൾ ചെയ്യാൻ അനുവാദമുണ്ട്. ഒക്ടോബർ 3 ന് കോണ്സുലാർ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചു.
ഈ ഉദ്യോഗസ്ഥർ ദഹ്റയിൽ രണ്ട് ടെന്യുറിലായി അഞ്ച് വർഷത്തോളമായി ജോലി ചെയ്യുന്നു, ഒരു പ്രശ്നവും നേരത്തെ ഉണ്ടായിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇക്കുറി ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം സൂചിപ്പിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB