എജ്യുക്കേഷൻ സിറ്റിയിൽ ഖത്തർ സിദ്ര അക്കാദമിയുടെ നിർമ്മാണം ആരംഭിച്ച് അഷ്ഗൽ

പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ’, അവരുടെ ബിൽഡിംഗ്‌സ് പ്രോജക്ട്സ് വകുപ്പ് മുഖേന, എജ്യുക്കേഷൻ സിറ്റിയിൽ ഖത്തർ സിദ്ര അക്കാദമിയുടെ നിർമ്മാണം ആരംഭിച്ചു. ഖത്തർ ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷൻ, സയൻസ്, കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് എന്നിവയുമായി സഹകരിച്ച് 1,800 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
അക്കാദമിയുടെ ആകെ വിസ്‌തീർണം 74,000 ചതുരശ്ര മീറ്ററും ബിൽറ്റ്-അപ്പ് ഏരിയ 33,000 ചതുരശ്ര മീറ്ററുമാണ്. ക്ലാസ് മുറികൾ, ലെക്ച്ചർ ഹാളുകൾ, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസുകൾ, വിദ്യാർത്ഥികൾക്കും സന്ദർശകർക്കും സ്വീകരണ കേന്ദ്രങ്ങൾ എന്നിവയുള്ള രണ്ട് നിലകളുള്ള ഒരു പ്രധാന കെട്ടിടം ഇതിന് ഉണ്ടായിരിക്കും.
ഖത്തർ സിദ്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും 2026 രണ്ടാം പാദത്തോടെ പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നതായി പബ്ലിക് പ്രോജക്ട് വിഭാഗം മേധാവി അഹമ്മദ് അൽ മഹ്മീദ് പറഞ്ഞു. പദ്ധതിയിൽ ഉപയോഗിക്കുന്ന സ്റ്റീൽ, ഇരുമ്പ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഉപകരണങ്ങൾ, ഗ്ലാസ്, അലുമിനിയം തുടങ്ങി 60% വസ്തുക്കളും പ്രാദേശികമായി ലഭിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യം, സുരക്ഷ, ഗുണനിലവാരം, സാങ്കേതികവിദ്യ എന്നിവയിൽ ഏറ്റവും ഉയർന്ന പ്രാദേശികവും അന്തർദേശീയവുമായ മാനദണ്ഡങ്ങളാണ് ബിൽഡിംഗ് പ്രോജക്ട്‌സ് വകുപ്പ് പിന്തുടരുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് കെട്ടിട സംവിധാനങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യാൻ ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബിഐഎം) പോലുള്ള വിപുലമായ ഡിജിറ്റൽ ടൂളുകൾ വകുപ്പ് ഉപയോഗിക്കുന്നു. ഇത് സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കാനും സുഗമമായ പുരോഗതി ഉറപ്പാക്കാനും സഹായിക്കുന്നു.
വിവിധ വിദ്യാഭ്യാസ തലങ്ങൾക്കായി 60 ക്ലാസ് മുറികളും പഠനത്തിന് സഹായകമായ സേവന സൗകര്യങ്ങളും അക്കാദമിയിൽ ഉണ്ടാകുമെന്ന് പ്രോജക്ട് മാനേജർ സൗദ് അൽ ദോസരി പറഞ്ഞു. മികച്ച വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയും ആധുനിക ഡിസൈനുകളും ഇതിൽ ഉൾപ്പെടും.
മ്യൂസിക് റൂം, തിയേറ്റർ, ആർട്ട് റൂമുകൾ, മൾട്ടി പർപ്പസ് ആക്ടിവിറ്റി റൂമുകൾ എന്നിങ്ങനെ വിവിധ പഠന-വിനോദ ഇടങ്ങൾ അക്കാദമിയിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈബ്രറി, സയൻസ് ലാബുകൾ, സ്പോർട്ട്സ് ഹാളുകൾ, ഔട്ട്ഡോർ മൈതാനങ്ങൾ, നീന്തൽക്കുളം, കഫറ്റീരിയ എന്നിവയും ഉണ്ടാകും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx