ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 നു വേണ്ടിയുള്ള ടിക്കറ്റ് അപേക്ഷകളുടെ ആദ്യ ഘട്ട രജിസ്ട്രേഷൻ ചൊവ്വാഴ്ച അവസാനിക്കും. ഇത് വരെയുള്ള ബുക്കിംഗിൽ ലോകമെമ്പാടുമുള്ള കളിയാരാധകരിൽ നിന്ന് അഭൂതപൂർവമായ പങ്കാളിത്തമാണ് ഉണ്ടായത്.
ബുക്ക് ചെയ്തവരിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ മാർച്ച് 8 ന് ശേഷമുള്ള ഫല പ്രഖ്യാപനത്തിലൂടെ അറിയിക്കും. അവസാനദിനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ, ഇനിയും ബുക്ക് ചെയ്യാത്തവർ ഉടൻ രജിസ്റ്റർ ചെയ്യാൻ ഫിഫ ആവശ്യപെട്ടു.
ചൊവ്വാഴ്ച, ഫിഫ വെബ്സൈറ്റ് വഴിയുള്ള ടിക്കറ്റ് അപേക്ഷയ്ക്കുള്ള വിൻഡോ ദോഹ സമയം ഉച്ചയ്ക്ക് 1:00 ന് അടയ്ക്കും. ലോകകപ്പ് അടുക്കുന്തോറും ടിക്കറ്റുകൾക്കായുള്ള അമിത് തിരക്ക് ഒഴിവാക്കിക്കൊണ്ട് എല്ലാവർക്കും ടിക്കറ്റ് ലഭ്യമാക്കാനും പ്രാരംഭ ഘട്ടങ്ങളിൽ തന്നെ അപേക്ഷിക്കാനുമുള്ള അവസരമാണ് ഇപ്പോൾ നൽകുന്നത്.
ഈ ആദ്യ ഘട്ടത്തിലേക്ക് അനുവദിച്ച ടിക്കറ്റുകളുടെ ശതമാനം മൊത്തം ടിക്കറ്റുകളുടെ മൂന്നിലൊന്ന് വരും. അതായത് 3 ദശലക്ഷത്തിലധികം ടിക്കറ്റുകൾ.
റിസർവേഷൻ അഭ്യർത്ഥന സമർപ്പിക്കുന്നതിലൂടെ, ഖത്തറിൽ താമസിക്കുന്ന ആരാധകർക്ക് നാമമാത്രമായ നിരക്കിൽ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യതയും വർദ്ധിക്കും. കാരണം 40 ഖത്തർ റിയാൽ മുതലുള്ള കാറ്റഗറി-4 ടിക്കറ്റുകൾ ഖത്തർ നിവാസികൾക്ക് മാത്രമാണ്. ഇത് 1990 ലെ ഇറ്റലി ലോകകപ്പിന് ശേഷമുള്ള ഏറ്റവും ക്യറഞ്ഞ നിരക്കുമാണ്.
ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ടിക്കറ്റ് വിൽപ്പനയുടെ ആദ്യ ഘട്ടം ജനുവരി 19 നാണ് ആരംഭിച്ചത്. ഫെബ്രുവരി 8 വരെ എപ്പോൾ രജിസ്റ്റർ ചെയ്താലും നറുക്കെടുപ്പിൽ തുല്യ അവസരമാണ് ലഭിക്കുക. ബുക്ക് ചെയ്തത് ആദ്യമോ അവസാനമോ എന്നത് പ്രസക്തമല്ല.
ബുക്കിങ്ങിനായി, FIFA.com/tickets സന്ദർശിക്കുക.