ശ്വാസമടക്കിപ്പിടിച്ച് തിങ്ങി നിറഞ്ഞ ലുസൈൽ സ്റ്റേഡിയത്തിൽ 64–ാം മിനിറ്റിൽ മെസ്സിയുടെ മാന്ത്രിക ഗോൾ. കളിയുടെ ഗതി മാറ്റിയ നിമിഷമായിരുന്നു അത്. അത് വരെ കണ്ട അർജന്റീനയായിരുന്നില്ല അതിന് ശേഷം. 87-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസും ഗോൾ നേടിയതോടെ ഈ വിജയം തികച്ചും ആധികാരികമായി. മെക്സിക്കോ പൊരുതിത്തോൽക്കുക മാത്രമല്ല ലാറ്റിനമേരിക്കൻ സഹയാത്രികരോട് അർജന്റീന പൊരുതിയാണ് ജയിച്ചതെന്നും പറയാം.
തുടക്കത്തിൽ ഇരുടീമുകളും ഒരുപോലെ മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. പന്ത് കൂടുതൽ നേരം കയ്യടക്കാൻ അർജന്റീന ശ്രമിച്ചെങ്കിലും മെക്സിക്കോയുടെ പ്രതിരോധ നിര ഭേദിക്കാൻ അർജന്റീനിയൻ മുന്നേറ്റക്കാർക്കായില്ല. അതേസമയം ഇടവിട്ടുള്ള മെക്‌സിക്കോയുടെ ആക്രമണശൈലി യഥാ സമയം പന്ത് അർജന്റീനിയൻ ഗോൾ മുഖത്തെത്തിച്ചു കൊണ്ടിരുന്നു. ആദ്യ 30 മിനിറ്റ് വരെയും അർജ്ജന്റീനയ്ക്ക് യാതൊരു ശ്രമവും നടത്താൻ ആയില്ല.
32-ാം മിനിറ്റിൽ അർജന്റീനക്ക് ലഭിച്ച കോർണർ കിക്കും മെക്സിക്കൻ പ്രതിരോധം തകർത്തു. തുടർന്ന് 34-ാം മിനിറ്റിൽ മെസ്സി അടിച്ച ഫ്രീ കിക്കിൽ പോസ്റ്റിലേക്ക് പോയ പന്ത് മെക്സിക്കോ ഗോൾ കീപ്പർ ഗില്ലെർമോ ഒച്ചാവോ തട്ടിയകറ്റി.
40-ാംമിനിറ്റിൽ ഡീ മരിയയുടെ ഹെഡ്ഡറും ലക്ഷ്യത്തിലെത്തിയില്ല. 42-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബുറ്റേറസിനെ ഫൗൾ ചെയ്തതിനെ തുടർന്ന് മെക്സിക്കോക്ക് ലഭിച്ച ഫ്രീകിക്ക് (അലക്സിസ് വേഗ) മാർട്ടിനസിന്റെ മാന്ത്രികകൈകൾ കൈപ്പിടിയിൽ ഒതുക്കി.
ആദ്യപകുതി അവസാനിക്കുന്നത് വരെയും അർജന്റീനിയൻ മുന്നേറ്റത്തെ മെരുക്കി ഗോൾ വഴങ്ങാതിരിക്കുക എന്ന മെക്സിക്കൻ തന്ത്രം വിജയിച്ചതായാണ് കണ്ടത്.
51-ാം മിനിറ്റിൽ മെസ്സിയെ ഫൗൾ ചെയ്തതിനെ തുടർന്ന് മെസ്സി എടുത്ത ഫ്രീ കിക്ക് വലക്ക് മുകളിലൂടെ പറന്നു.
64-ാം മിനിറ്റിൽ മെസ്സിയുടെ മാന്ത്രിക ഗോൾ അർജന്റീനക്കും ലുസൈലിൽ തിങ്ങി നിറഞ്ഞ ആരാധകർക്കും പുനര്ജീവൻ തന്നെയായിരുന്നു. ബോക്‌സിന്റെ വലതുഭാഗത്ത് നിന്ന് ഡി മരിയ നല്‍കിയ പന്ത് മെസ്സി വലയിലെത്തിക്കുകയായിരുന്നു. ലോകകപ്പിലെ മെസ്സിയുടെ 8-ാമത്തെ ഗോളും തന്റെ കരിയറിലെ 93-ാമത്തെ ഗോളുമായിരുന്നു അത്.
പിന്നീട് കളിക്ക് തീപിടിക്കുന്ന കാഴ്ചയാണ് കണ്ടത്. 87-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ഗോളിലൂടെ അർജന്റീന ആധികാരിക വിജയം ഉറപ്പിച്ചു..
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu