ദോഹ: അൽ റയ്യാൻ, അൽ സദ്ദ് ക്ലബുകൾ തമ്മിൽ ഏറ്റുമുട്ടുന്ന, 49-ആമത് അമീർ കപ്പ് ഫൈനലിന് ഇന്ന് വൈകിട്ട് 7 ന് അൽ തുമാമ ലോകകപ്പ് സ്റ്റേഡിയത്തിൽ കിക്കോഫ്. ലോകകപ്പിനായി സജ്ജമാകുന്ന ആറാമത് സ്റ്റേഡിയമായ അൽ തുമാമയുടെ ഉദ്‌ഘാടന വേദി കൂടിയാകും ഇത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ മുഴുവൻ കപ്പാസിറ്റിയിലും കാണികളെ പ്രവേശിപ്പിക്കും.
സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഫാൻ ഐഡി നിർബന്ധമാണ്. 12 വയസ്സിന് മുകളിൽ ഉള്ളവരിൽ ഒക്ടോബർ 7 ന് മുൻപ് വാക്സിനേഷൻ പൂർത്തിയാക്കിയവരും അല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ കോവിഡ് വന്നു മാറിയ രേഖകൾ ഹാജരാക്കുന്നവരും മാത്രമാണ് കാണികൾ ആയുണ്ടാവുക. ഇഹ്തിറാസിൽ ഗോൾഡൻ ഫ്രയിം ഉണ്ടായിരിക്കണം. 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സീൻ നിർബന്ധമില്ല, എന്നാൽ 24 മണിക്കൂറിനുള്ളിൽ എടുത്ത റാപ്പിഡ് കോവിഡ് ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം.
മത്സരത്തിന് 3 മണിക്കൂർ മുൻപ് സ്റ്റേഡിയവും 4 മണിക്കൂർ മുൻപ് പാർക്കിംഗ് ഏരിയയും തുറക്കും. ഫാൻ ഐഡിയും ഖത്തർ ഐഡിയും കാണികൾ കയ്യിൽ കരുതണം. മെട്രോയും ബസും ഉൾപ്പെടുന്ന പൊതു ഗതാഗതത്തിൽ കാണികൾക്ക് ഇന്നേ ദിവസം സ്റ്റേഡിയത്തിലേക്കും തിരിച്ചുമുള്ള യാത്ര സൗജന്യമായിരിക്കും.