സാനിറ്റൈസേഷനും മറ്റു ശുചീകരണങ്ങൾക്കുമായി 3 ദിവസം നീണ്ട അടച്ചിടലിന് ശേഷം അൽ അൽ സീലിയ്യ സെൻട്രൽ മാർക്കറ്റ് പ്രവർത്തനം പുനരാരംഭിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം കോവിഡ് വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായിരുന്നു മാർക്കറ്റ് അടച്ചിട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രദേശികപത്രം ‘അറയാ’ റിപ്പോർട്ട് ചെയ്തു.
പുതുതായി മാർക്കറ്റിൽ പ്രവേശിക്കുന്നവർ ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം. ഇവർ താപനില പരിശോധനയ്ക്ക് വിധേയമാവുകയും മാസ്‌ക് ധരിച്ചിരിക്കുകയും ചെയ്യണം. ആളുകൾ തമ്മിൽ 2 മീറ്റർ എങ്കിലും സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശങ്ങളും ഫ്ലോറുകളിൽ പതിച്ചിട്ടുണ്ട്.
എൻട്രൻസിൽ തെർമൽ ക്യാമറകൾ സ്ഥാപിച്ചതിന് പുറമെ, വിവിധ ഭാഷകളിലായി ബോധവത്ക്കരണ സന്ദേശങ്ങൾ നിരന്തരം പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. ഷോപ്പിംഗ് കാർട്ടുകൾ എല്ലാം തന്നെ തുടർച്ചയായി സാനിറ്റൈസേഷന് വിധേയമാക്കുകയും ചെയ്യുന്നു.
മാർക്കറ്റ് വീണ്ടും തുറന്നതോടെ വളരെയേറെ പേരാണ് ഉപഭോക്താക്കളായി എത്തുന്നത്. വാരാന്ത്യത്തിൽ ശരാശരി 3500 പേരും മറ്റു ദിവസങ്ങളിൽ 2000-2200 പേരുമാണ് അൽ സീലിയ്യയിലെ സന്ദർശകർ. മാർക്കറ്റ് സന്ദർശകരുടെ കൃത്യമായ എണ്ണം ശേഖരിച്ചു റിപ്പോർട്ട് ചെയ്യാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.