അക്ഷയ് കുമാറിന്റെ ‘ബെൽബോട്ട’ത്തിന് ഖത്തറിൽ വിലക്ക് – കാരണം ഇതാണ്
ദോഹ: അക്ഷയ്കുമാർ നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ബെൽബോട്ടം’ ഖത്തർ ഉൾപ്പെടെ 3 ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചതായി റിപ്പോർട്ട്. ആഗസ്റ്റ് 19 ന് ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രം സൗദി അറേബ്യയിലും കുവൈത്തിലും പ്രദർശനവിലക്ക് നേരിടുന്നുണ്ട് എന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. സ്പൈ ത്രില്ലർ ആയ ചിത്രം ചരിത്രവസ്തുതകൾ വളച്ചൊടിക്കുന്നു എന്നതാണ് നിരോധനത്തിന് കാരണം.
1980-കളിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നിരിക്കെ ഇന്ത്യയിൽ നടന്ന തുടർച്ചയായ വിമാന റാഞ്ചൽ സംഭവങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ലാഹോറിൽ നിന്ന് റാഞ്ചുന്ന വിമാനം ഹൈജാക്കർമാർ ദുബായിൽ എത്തിക്കുന്നതായാണ് ചിത്രീകരണം. എന്നാൽ 1984 ൽ അന്ന് നടന്ന യഥാർത്ഥ സംഭവത്തിൽ യുഎഇയിലെ അന്നത്തെ പ്രതിരോധ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം നേരിട്ട് ഇടപെട്ട് പരിഹരിച്ച കുറ്റകൃത്യമായിരുന്നു ഇത്. അന്ന് ഹൈജാക്കർമാരെ കുടുക്കിയതും യുഎഇ ആയിരുന്നു. എന്നാൽ ഇതിനെക്കുറിച്ചൊന്നും സൂചന ഇല്ലാത്ത ചിത്രം അക്ഷയ്കുമാറിന്റെ നേതൃത്വത്തിലുള്ള രഹസ്യസംഘത്തെ മാത്രം ഹീറോവത്കരിക്കാനാണ് ശ്രമിക്കുന്നത്.
മിഡിൽ ഈസ്റ്റുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകൾ വക്രീകരിക്കാനുള്ള ശ്രമം എന്ന കാരണം കൊണ്ടുതന്നെ ഖത്തർ അടക്കമുള്ള രാജ്യങ്ങളിലെ സെൻസർ ബോർഡുകൾ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചിരിക്കാം എന്നാണ് വിവിധ സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ ലോകവ്യാപകമായി തിയേറ്റർ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രങ്ങളിലൊന്ന് കൂടിയാണ് ത്രീഡി ഫോർമാറ്റിലെത്തിയ ‘ബെൽബോട്ടം’. ചിത്രത്തിന് സമ്മിശ്രവും മെച്ചപ്പെട്ടതുമായ അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്.