ഓൺ അറൈവലിൽ വരുന്നവർക്ക് ബാങ്ക് കാർഡ് നിർബന്ധം; നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്
ഏതാനും ദിവസങ്ങളായി ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിൽ വരാനിരുന്ന യാത്രക്കാരെ കുഴക്കിയ നിർബന്ധിത ബാങ്ക് കാർഡ് ആവശ്യകതയിൽ പൊതു അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഖത്തറിലേക്ക് വരുന്നവർ 5000 ഖത്തർ റിയാൽ തത്തുല്യ തുകയുള്ള ഇന്റർനാഷണൽ ബാങ്ക് കാർഡ് കൈവശം സൂക്ഷിക്കേണ്ടത് നിര്ബന്ധമാണെന്നു എയർ ഇന്ത്യ ട്വിറ്ററിൽ പറഞ്ഞു.
യാത്ര ചെയ്യുന്ന വ്യക്തിയുടെ പേരിലോ കുടുംബത്തോടൊപ്പം ആണെങ്കിൽ പ്രധാന കുടുംബാംഗത്തിന്റ പേരിലോ ഉള്ള കാർഡുകൾ ആണ് വേണ്ടത്.
5000 ഖത്തർ റിയാൽ പണമായി കയ്യിൽ കരുതുക എന്ന പഴയ രീതി ഇനി നിലനിൽക്കില്ല. അത്രയും തുക (ചുരുങ്ങിയത് 105,000 രൂപ) അക്കൗണ്ടിൽ ഉണ്ടാകണം. ഇത്രയും മൂല്യമുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ കയ്യിൽ സൂക്ഷിക്കണം.
നേരത്തെ പൊതു അറിയിപ്പില്ലാതെ പെട്ടെന്ന് ഉണ്ടായ നയഭേദഗതി യാത്രക്കാരെ വലച്ചിരുന്നു.
ഇഹ്തിറാസ് പോർട്ടലിൽ അപ്രൂവൽ ലഭിക്കാൻ 3 മാസം എങ്കിലും പഴക്കമുള്ള അക്കൗണ്ടിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് വിവരങ്ങളും നൽകേണ്ടതായി വരുന്നുണ്ട്.
6 മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ് ഹോട്ടൽ റിസർവേഷൻ, തുടങ്ങിയ മറ്റു നിബന്ധനകളിൽ മാറ്റമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഖത്തർ സർക്കാർ ഇഷ്യു ചെയ്‌ത നിർദേശങ്ങൾക്കനുസൃതമായാണ് അപ്‌ഡേറ്റ് എന്ന് കമ്പനി വ്യക്തമാക്കി.