ഖത്തർ ട്രാവൽ നയത്തിൽ സമൂല മാറ്റം. ഫെബ്രുവരി 28 ഖത്തർ സമയം വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന മാറ്റങ്ങളിൽ, വാക്സീൻ എടുത്ത ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള റെസിഡന്റ് വിസക്കാർക്ക് ക്വാറന്റീൻ പൂർണ്ണമായും എടുത്തുകളഞ്ഞു. കൂടാതെ യാത്രക്ക് മുൻപുള്ള പിസിആർ പരിശോധന നിബന്ധനയും ഒഴിവാക്കി. ഇന്ത്യക്കാർ അടങ്ങുന്ന വിസിറ്റ് വിസക്കാർക്ക് ക്വാറന്റീൻ 1 ദിവസമാക്കി ചുരുക്കി.
ഗ്രീൻ, റെഡ്, എക്സപ്ഷണൽ റെഡ് ലിസ്റ്റ് എന്നിങ്ങനെയുള്ള തരം തിരിവും നിർത്തലാക്കി. പകരം സ്റ്റാൻഡേർഡ് ഹെൽത്ത് മെഷർസ്, റെഡ് ഹെൽത്ത് മെഷർസ് എന്നിങ്ങനെ രണ്ട് തലങ്ങളിൽ രാജ്യങ്ങളെ തിരിച്ചിട്ടുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർജിയ, ജോർദാൻ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവയാണ് റെഡ് ഹെൽത്ത് മെഷറിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ. മറ്റു രാജ്യങ്ങൾ എല്ലാം സ്റ്റാൻഡേർഡ് ഹെൽത്ത് മെഷറിലാണ്.
റെഡ് ഹെൽത്ത് മെഷർ രാജ്യങ്ങളിൽ നിന്ന് വരുന്നവരാണെങ്കിൽ പോലും, പൂർണ്ണമായി വാക്സിനേഷൻ എടുത്തതോ രോഗം വന്ന് മാറിയതോ ആയ എല്ലാ പൗരന്മാർക്കും താമസക്കാർക്കുമുള്ള ഹോട്ടൽ ക്വാറന്റൈൻ, പിസിആർ ടെസ്റ്റ് ആവശ്യകതകൾ ഖത്തർ നീക്കം ചെയ്തു. ഇവർ ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനുള്ളിൽ ആന്റിജൻ ടെസ്റ്റ് ചെയ്യണം.
അതേസമയം, ഈ രാജ്യങ്ങളിൽ നിന്നുമുള്ള വിസിറ്റ് വീസയിലുള്ള വാക്സീൻ എടുത്ത സന്ദർശകർക്ക് 1 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ വേണം. കൂടാതെ യാത്രക്ക് മുൻപ് 48 മണിക്കൂറിനുള്ളിലെ പിസിആർ ടെസ്റ്റും ആവശ്യമാണ്. 1 ദിവസത്തെ ക്വാറന്റീനു ശേഷം ആന്റിജൻ ടെസ്റ്റ് ചെയ്യണം.
വാക്സീൻ എടുക്കാത്തവർക്ക് ഇപ്പോഴും വിസിറ്റ് വിസയിൽ പ്രവേശനം ഇല്ല.
റെഡ് ഹെൽത്ത് മെഷർ രാജ്യങ്ങളിൽ നിന്ന് വരുന്നവരാണെങ്കിൽ, വാക്സിനേഷൻ എടുക്കാത്തവരോ രോഗം വന്ന് മാറാത്തവരോ ആയ താമസക്കാർക്ക് 5 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമാണ്. യാത്രക്ക് മുൻപ് 48 മണിക്കൂറിനുള്ളിലെ പിസിആർ ടെസ്റ്റും വേണം. ക്വാറന്റീന് അഞ്ചാം ദിവസം ആന്റിജൻ ടെസ്റ്റ് ചെയ്യണം.
വാക്സിനേഷൻ എടുക്കാത്തവരോ രോഗം വന്ന് മാറാത്തവരോ ആയ താമസക്കാർ സ്റ്റാൻഡേർഡ് ഹെൽത്ത് മെഷർ രാജ്യങ്ങളിൽ നിന്ന് വരുന്നവരാണെങ്കിൽ, 5 ദിവസത്തെ ഹോം ക്വാറന്റൈൻ മതി.
വാക്സിനേഷന്റെ രണ്ടാം ഡോസ് കഴിഞ്ഞു 14 ദിവസം പിന്നിട്ട ശേഷം 9 മാസം വരെയാണ് കാലാവധി കണക്കാക്കുക. 9 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുത്തിരിക്കണം. ഇല്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ല. 9 മാസത്തിനുള്ളിൽ കോവിഡ് വന്നു മാറിയവരേയും വാക്സിനേറ്റഡ് ആയി കണക്കാക്കും.
12 വയസ്സിൽ താഴെയുള്ള വാക്സീൻ എടുക്കാത്ത കുട്ടികൾ വാക്സീൻ എടുത്ത രക്ഷിതാക്കളോടൊപ്പം വരുകയാണെങ്കിൽ രക്ഷിതാക്കളുടെ അതേ നടപടി ക്രമം മതി. ഇവർക്ക് ക്വാറന്റീൻ വേണ്ട.
പുതിയ യാത്ര നയം, ഫെബ്രുവരി 28 തിങ്കളാഴ്ച ഖത്തർ സമയം വൈകുന്നേരം 7 മണിക്ക് പ്രാബല്യത്തിൽ വരും.