പ്രാവ് ഗോപുരങ്ങൾ പൊളിക്കുമെന്ന് കത്താറ

ഖത്തറിലെ കൾച്ചറൽ വില്ലേജായ കത്താറക്കുള്ളിലെ പ്രാവ് ഗോപുരങ്ങൾ (പീജ്യൺ ടവേഴ്സ്) ഫെബ്രുവരി 16 ബുധനാഴ്ച പൊളിക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ ആവശ്യങ്ങൾക്കനുസരിച്ച് ഇവ പുനർനിർമിക്കാനായാണ് പൊളിക്കുന്നത്.
“ഉയർന്ന എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾക്കനുസൃതമായി പുനരുദ്ധരിക്കുന്നതിനായി പീജിയൺ ടവറുകൾ ഫെബ്രുവരി 16 ബുധനാഴ്ച പുലർച്ചെ പൊളിക്കുമെന്ന്” കത്താറ കൾച്ചറൽ വില്ലേജിന്റെ ജനറൽ മാനേജർ ഡോ. ഖാലിദ് അൽ സുലൈത്തി ട്വീറ്റ് ചെയ്തു.
കത്താറയുടെ പടിഞ്ഞാറ് ഭാഗത്ത് പള്ളിയോട് ചേർന്ന് മൂന്ന് പ്രാവ് ഗോപുരങ്ങളുണ്ട്, കൂടാതെ കിഴക്ക് ഭാഗത്ത് കടലിനോട് ചേർന്ന് രണ്ട് ഗോപുരങ്ങളും സ്ഥിതി ചെയ്യുന്നു.
എല്ലാ ടവറുകളും നവീകരിക്കുമോ അതോ അവയിൽ ചിലത് മാത്രമാണോ പുനർനിർമിക്കുന്നത് എന്ന് വ്യക്തമല്ല.
സന്ദർശകർക്കിടയിൽ അതീവ ജനപ്രിയമായ പീജ്യൺ ടവറുകൾ ഖത്തറിലെ ഏറ്റവും കൂടുതൽ ഫോട്ടോഗ്രാഫ് ചെയ്ത നിർമിതികളിലൊന്നുമാണ്.