WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ഗ്രൗണ്ടിൽ തളർന്ന് വീണ അൽ വക്ര താരത്തിന് സംഭവിച്ചത് ഹൃദയാഘാതം

ദോഹ: ശനിയാഴ്ച നടന്ന ഖത്തർ സ്റ്റാർസ് ലീഗ് (ക്യൂഎസ്എൽ), അൽ വക്ര-അൽ റയ്യാൻ മത്സരത്തിനിടെ ഗ്രൗണ്ടിൽ തളർന്ന് വീണ അൽ വക്ര താരം ഒസ്മാൻ കൗലിബാലിക്ക് സംഭവിച്ചത് ഹൃദയാഘാതം എന്നു സ്ഥിരീകരണം. ശനിയാഴ്ച വൈകിട്ട് ജാസിം ബിൻ ഥാനി സ്റ്റേഡിയത്തിൽ നടന്ന റൗണ്ട് 13 മത്സരത്തിനിടെയാണ് അൽ വക്രയുടെ ഡിഫന്ററും മാലി താരവുമായ 32 കാരൻ ഒസ്മാൻ തളർന്നു വീഴുന്നത്. സ്‌റ്റേഡിയത്തിൽ നിന്ന് അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ഒസ്മാനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ഒസ്മാൻ കൗലിബാലി ഹൃദയാഘാതം നേരിടുകയായിരുന്നെന്നും, അദ്ദേഹം നിലവിൽ ആവശ്യമായ മെഡിക്കൽ പരിചരണത്തിലാണുള്ളതെന്നും ക്യുഎസ്എൽ പിന്നീട് പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവത്തെത്തുടർന്ന് 41-ാം മിനിറ്റിൽ മൽസരം റദ്ദാക്കിയിരുന്നു. അൽ റയ്യാൻ ലീഡ് ചെയ്യുന്ന (1-0) മത്സരത്തിന്റെ ബാക്കി സമയം പിന്നീട് തീർക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കളി കാണാൻ സ്റ്റേഡിയത്തിലെത്തിയ ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി മിനിറ്റുകൾക്കകം മൈതാനത്തിറങ്ങി ഇരുടീമുകളുടെയും മാനേജ്‌മെന്റുകളുമായും മാച്ച് ഒഫീഷ്യലുകളുമായും സംസാരിച്ചു.

“ഞങ്ങൾ മൂന്ന് പോയിന്റുകളെ കാര്യമാക്കുന്നില്ല, മത്സരത്തെക്കുറിച്ച് ഞങ്ങൾ ശ്രദ്ധിക്കുന്നില്ല. ഉസ്മാനെയുടെയും മറ്റ് കളിക്കാരുടെയും ആരോഗ്യത്തെക്കുറിച്ച് മാത്രമാണ് ഞങ്ങൾക്ക് ഇപ്പോൾ ആശങ്കയുള്ളത്,” അൽ വക്ര മീഡിയ ഓഫീസർ മുഹമ്മദ് അൽ സുലൈത്തി പറഞ്ഞു.

ഖത്തറിലെ ലീഗ് ഫുട്‌ബോൾ മൽസരങ്ങളിലെ സുപ്രധാന ടൂർണമെന്റ് ആണ് സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള സീസണുകളിൽ നടക്കുന്ന ക്യൂഎൻബി-ഖത്തർ സ്റ്റാർസ് ലീഗ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button