രാജ്യത്തെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ വിശകലനം ചെയ്യുന്ന മദ്ധ്യവർഷ പ്രകടന റിപ്പോർട്ട് ഖത്തർ ടൂറിസം പുറത്തിറക്കി. 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവാണ് റിപ്പോർട്ടിൽ വിശകലന വിധേയമാകുന്നത്. റിപ്പോർട്ട് അനുസരിച്ച് 2020-21 ആദ്യ പകുതികൾകിടയിൽ ഹോട്ടൽ അക്കമോഡേഷൻ വിതരണത്തിൽ 7% വർദ്ധനവുണ്ടായി. രാജ്യത്ത് പ്രവർത്തിക്കുന്ന അധിക ഹോട്ടൽ അപ്പാർട്ട്മെന്റുകളും പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കീ ഓപ്പറേഷനും ആണ് ഈ വർദ്ധനവിൽ മുഖ്യപങ്ക് വഹിച്ചത്.
ഹോസ്പിറ്റാലിറ്റി മേഖലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7% വളർച്ചയുണ്ടായി. ക്വാറന്റീന് വേണ്ടിയുപയോഗിക്കുന്ന സൗകര്യങ്ങൾ കൂട്ടാതെയാണ് ഈ കണക്ക്. 2020 ലെ 55% ൽ നിന്ന് ഒക്യൂപൻസി റേറ്റ് 60% ലേക്ക് ഉയർന്നിട്ടുണ്ട്. അതേ സമയം റൂം നിരക്കുകളിൽ 16 ശതമാനത്തിന്റെ വർധനവും വരുമാനത്തിൽ 24% ന്റെ വർധനവും ഉള്ളതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ടൂറിസം/ഹോട്ടൽ താമസ മേഖലയിൽ കോവിഡ് മഹാമാരി ഏൽപിച്ച പ്രതിസന്ധി മറികടന്ന് ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണെന്ന് സൂചിപ്പിക്കുന്ന കണക്കുകൾ ആണിവ.
അതേ സമയം, വിദേശ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു തന്നെ തുടരുകയാണ്. 2020 ആദ്യപാതിയെ അപേക്ഷിച്ച് 2021 ആദ്യപാതിയിൽ 82% കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായത്. 2020 മാർച്ചിലെ കൊറോണ ലോക്ഡൗണിന് മുൻപുള്ള സഞ്ചാരികളും കണക്കിൽ പെടുന്നതാണ് ഈ വ്യത്യാസത്തിന് കാരണം. പിന്നീട് ടൂറിസം മേഖലയ്ക്ക് ജീവൻ വെക്കുന്നത് 2021 ജൂലൈയിൽ യാത്രാനിബന്ദനകളിൽ കൂടുതൽ അയവ് വന്നതിന് ശേഷമാണ്. ഹോട്ടൽ താമസ മേഖലയിലെ നിലവിലെ വളർച്ചയ്ക്കാധാരം പ്രാദേശിക ടൂറിസം/സഞ്ചാരികൾ ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.