അഭയാർത്ഥികളാൽ നിറഞ്ഞ് ദോഹയിലെ അൽ ഉദൈദ്; പ്രവാഹം തുടർന്നേക്കും
ദോഹ: അഫ്ഘാനിസ്താനിൽ നിന്ന് കൂടുതൽ അഭയാർത്ഥികൾ ഖത്തറിലേക്ക് എത്തിയേക്കുമെന്നു റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദ് അമേരിക്കൻ എയർബേസിലാണ് നിലവിൽ നൂറുകണക്കിന് അഭയാർത്ഥികൾക്ക് താത്കാലിക വാസസ്ഥലം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇവിടെ ഇതിനോടകം തന്നെ ജനങ്ങളാൽ നിറഞ്ഞതായാണ് പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കൻ മാധ്യമമായ സിബിഎസ് റിപ്പോർട്ടർ റുഫീനി ആണ് ചിത്രങ്ങൾ പങ്കുവെച്ച് പ്രതിസന്ധി ചൂണ്ടിക്കാട്ടിയത്. ബെഡ് മുതലായ സൗകര്യങ്ങളും ഭക്ഷ്യപദാർത്ഥങ്ങളും ഇവിടെ പരിമിതമാണെന്നും അവർ പറഞ്ഞു. കൂടുതൽ പേർ എത്താനിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ വ്യക്തമാക്കി.
This is what it looks like at the air base in Doha right now. There are limited cots. The only food available is MRE’s. And more people are coming. #Afghanistan #qatar #KabulAirlift #Kabul pic.twitter.com/XLKPR0ftbF
— Ruffini (@EenaRuffini) August 18, 2021
ഇന്നലെ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാന്റി, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഥാനിയുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പലയിടങ്ങളായി പലായനം ചെയ്യപ്പെട്ട മനുഷ്യരുടെ പുനരധിവാസത്തിനായി അന്താരാഷ്ട്ര തലത്തിൽ രൂപപ്പെടുത്തേണ്ട പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു. അഫ്‌ഗാൻ അഭയാർത്ഥികളെ ഉടൻ തിരിച്ചയക്കാനുള്ള നടപടികൾ കൈക്കൊള്ളരുതെന്നും യുഎൻ ഹൈകമീഷണർ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
യുഎസ് മിലിട്ടറിയുമായി സഹകരിച്ച 8000-ഓളം അഫ്‌ഗാൻ അഭയാർത്ഥികൾക്ക് താത്കാലിക അഭയസ്ഥാനം ഒരുക്കാൻ ഖത്തറുമായി അമേരിക്ക നേരത്തെ യോജിപ്പിലെത്തിയിരുന്നു. കാബൂളിൽ നിന്ന് ഖത്തറിലേക്ക് പുറപ്പെട്ട സൈനികവിമാനത്തിൽ പരിധിയിലും പല മടങ്ങോളം യാത്രക്കാർ പ്രവേശിച്ചതും അൽ ഉദൈദിലെത്തിയ വിമാനത്തിന്റെ ചക്രത്തിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയതുമുൾപ്പടെ ഹൃദയഭേദകമായ രംഗങ്ങൾക്കാണ് ലോകം ഈ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്.