ഖത്തർ പൂരം 2025 – പതിനായിരങ്ങൾ പങ്കെടുത്ത ചരിത്രവിജയം!

*ദോഹ:* ഖത്തർ മലയാളീസ് സംഘടിപ്പിച്ച _ഖത്തർ പൂരം 2025_ , പ്രതീക്ഷയ്ക്കതീതമായ വിജയമായി മലയാളികളുടെ മനസിൽ ആവേശം നിറച്ച മഹോത്സവമായി മാറി. ഫെബ്രുവരി 14, ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വച്ച് സംഘടിപ്പിച്ച ഈ വമ്പിച്ച ഉത്സവത്തിൽ 25,000ത്തിലധികം പേർ പങ്കെടുത്തു, ഖത്തറിലെ മലയാളികളെ സംബന്ധിച്ചിടത്തോളം എന്നും അഭിമാനത്തോടെ ഓർമയിൽ സൂക്ഷിക്കാൻ പറ്റുന്ന അഭിമാനകരമായ ഒരു സാംസ്കാരിക മഹാമേള ആയിരുന്നു ഖത്തർ പൂരം.
ഖത്തറിലെ മുഴുവൻ മലയാളികളുടെയും പൂർണ പിന്തുണയും സഹകരണത്തോടെയും നടത്തിയ ഈ മഹോത്സവം സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് എത്തിയ വൻ ജനക്കൂട്ടം മികച്ച സുരക്ഷാസജ്ജീകരണങ്ങളുടെയും, ഷോയുടെ മനോഹരമായ ക്രമീകരണങ്ങളുടെയും, അതിലുപരി പ്രേക്ഷകരുടെ മികച്ച സഹകരണത്തിന്റെയും ഫലമായി ഉത്സവം വിജയകരമായി പൂർത്തിയാക്കി. കുടുംബസമേതം പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ആയിരക്കണക്കിനാളുകൾക്ക് അസുലഭ നിമിഷമെന്ന് തോന്നിച്ച ഒരു ഓർമ്മയേറിയ കലാമേളയായി ഈ വർഷത്തെ ഖത്തർ പൂരം 2025.
പൂരത്തിൻറെ പ്രധാന വേദിയിൽ അവതരിപ്പിച്ച അമ്പരപ്പിച്ച കലാപരിപാടികൾ കേരളീയ കലയുടെ സമ്പന്നത നിറഞ്ഞ 30 – ലധികം സ്റ്റേജ് ഷോകളും 50-ലധികം സ്റ്റാളുകളും പ്രേക്ഷകർക്ക് പുതിയ അനുഭവമായി. ഖത്തറിലെ 400 ലധികം പ്രമുഖ കലാകാരന്മാരാണ് വിവിധ പരിപാടികളിലായി സ്റ്റേജ് പ്രോഗ്രാമുകളെ അവിസ്മരണീയമാക്കിയത്.
സിനിമാറ്റിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തങ്ങൾ, മുട്ടിപ്പാട്ട്, ഫ്ലാഷ് മോബ്, കോൽ കളി, ഒപ്പന, കരകാട്ടം, മാർഗംകളി, കുട്ടികളുടെ ഫാഷൻ ഷോ, ഡ്രാമാറ്റിക് ഡാൻസ് എന്നിവ ഉൾപ്പെടെയുള്ള കലാപരിപാടികൾ വേദിയെ ചൂടുപിടിപ്പിച്ചു. പ്രമുഖ കലാകാരന്മാരുടെയും സംഘങ്ങളുടെയും വിസ്മയകരമായ പ്രകടനങ്ങൾ, ചുവടുകളിലും ഭാവങ്ങളിലും കണ്ണുകളും മനസ്സുകളും നിറയ്ക്കുന്ന പ്രകടനങ്ങളാൽ അരങ്ങ് ത്രസിപ്പിച്ചു.
പൂര നഗരിയിലെ 50-ലധികം സ്റ്റാളുകൾ സന്ദർശകർക്ക് വിഭവസമൃദ്ധമായ അനുഭവം നൽകി. കാഴ്ചയ്ക്കും രുചിക്കും അതിരുകളില്ലാത്ത ഉത്സവം ആയിരുന്നു സ്റ്റാളുകൾ. കേരളത്തിന്റെ പരമ്പരാഗത രുചികൾ മുതൽ അന്താരാഷ്ട്ര വിഭവങ്ങൾ, വീട്ടമ്മമാരുടെ കൈപ്പുണ്യങ്ങൾ വിളമ്പിയ നാടൻ ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവ വിളമ്പിയ ഭക്ഷണ സ്റ്റാളുകൾ, കേരളീയ പൈതൃകത്തെ അനുസ്മരിപ്പിക്കുന്ന പ്രദർശനങ്ങളൊരുക്കിയ സാംസ്കാരിക സ്റ്റാളുകൾ, സൗജന്യ ആരോഗ്യ പരിശോധനകളും ഫ്രീ മെഡിക്കൽ കാമ്പുകളുമൊരുക്കിയ മെഡിക്കൽ സ്റ്റാളുകൾ, വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കായി പ്രത്യേക സേവന സ്റ്റാളുകൾ, വിവിധ ബ്രാൻഡുകളുടെ പ്രദർശനം, ബിസിനസ് ചർച്ചകൾ എന്നിവക്കവസരം നൽകിയ വ്യാപാര സ്റ്റാളുകൾ എന്നിവ പൂരനഗരിയെ സമ്പന്നമാക്കി.
ഉദ്ഘാടന ചടങ്ങ് മുതൽ അവസാന നിമിഷം വരെയുളള എല്ലാ ഘട്ടങ്ങളിലും ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വേദികളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു ആഘോഷത്തിന്റെ വലിയതോതിലുള്ള വിജയത്തെക്കുറിച്ച് സംസാരിക്കുകയും, കലാകാരന്മാരെയും സംഘാടകരെയും അഭിനന്ദിക്കുകയും ചെയ്തു.
പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും തെറ്റിച്ച ഇത്രയും വലിയ ഒരു ജനാവലിയും, ഇത്രയും മികച്ചൊരു കലാമേളയും – ഖത്തർ പൂരം 2025 മലയാളികളുടെ ഐക്യത്തിൻറെ പ്രകടമായ അടയാളമാണെന്ന് അറിയിച്ച ഖത്തർ മലയാളീസ് ഭാരവാഹികൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച, സഹകരിച്ച എല്ലാവർക്കും നന്ദിയർപ്പിച്ചു.
അടുത്ത വർഷം ‘Season 2’ ആയി ഖത്തർ പൂരം വീണ്ടും ആഘോഷിക്കുമെന്നും ഖത്തർ പൂരം കമ്മറ്റിയെ പ്രധിനിധീകരിച്ചു കൊണ്ട് ബിലാൽ കെ.ടി പറഞ്ഞു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ ബി പി സി പ്രസിഡന്റ് താഹാമുഹമ്മദ് അബ്ദുൾ കരീം തുടങ്ങിയവർ പങ്കെടുത്തു. ഫിഫ വേൾഡ് കപ്പിനായി രണ്ട് ഫാൻ സോണുകൾ വിജയകരമായി കൈകാര്യം ചെയ്തതിന് ശേഷം 974 ഇവന്റ്സിന്റെ ഏറ്റവും വലിയ ജനാവലിപങ്കെടുത്ത പരിപാടിയായിരുന്നു ഖത്തർ പൂരമെന്ന്
974 ഇവന്റ്സിന്റെ മാനേജിംഗ് ഡയറക്ടർമാരായ മഹറൂഫ്, റസൽ എന്നിവർ പറഞ്ഞു. റേഡിയോ സുനോ ഖത്തർ പൂരത്തിന്റെ റേഡിയോ പാർട്ടണറായിരുന്നു.
പത്രമാധ്യമങ്ങൾ, സ്പോൺസർമാർ, വോളണ്ടിയർമാർ, കലാകാരന്മാർ, അതിഥികൾ, പ്രേക്ഷകർ, എല്ലാവരും ചേർന്ന് ഈ ഉത്സവം ഒരു മഹത്തായ വിജയമായി മാറ്റിയതിൽ ഖത്തർ മലയാളീസ് അതിയായ നന്ദിയും അറിയിച്ചു.