എട്ടു മാസത്തിനിടെ അറുപത്തിനായിരത്തിലധികം വാഹനങ്ങൾ, കുതിച്ചുയർന്ന് ഖത്തറിലെ വാഹനവിൽപ്പന
2024ൽ പുതിയ വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടം നടത്തി ഖത്തർ. രാജ്യത്തിന്റെ ശക്തമായ സമ്പദ്‌വ്യവസ്ഥയും വർദ്ധിച്ചുവരുന്ന ജനസംഖ്യയും ഇതിന്റെ കാരണമാണ്.
ദേശീയ ആസൂത്രണ കൗൺസിലിൻ്റെ ഡാറ്റ പ്രകാരം 2024 ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ, 62,163 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്‌തു . 2023ലെ ഇതേ കാലയളവിലെ 54,656 മായി താരതമ്യം ചെയ്യുമ്പോൾ 13.7% വർദ്ധനവുണ്ട്, ഇതിൽ 70% സ്വകാര്യ വാഹനങ്ങളാണ്.
2024 ഓഗസ്റ്റിൽ, 8,605 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്‌തു, ഈ വർഷത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ കണക്കാണിത്. 8,903 രജിസ്‌ട്രേഷനുകൾ നടന്ന മെയ് മാസമാണ് ഒന്നാം സ്ഥാനത്ത്. 2024 ലെ പ്രതിമാസ രജിസ്ട്രേഷനുകളുടെ കണക്ക് ഇങ്ങിനെയാണ്: ജനുവരി (8,512), ഫെബ്രുവരി (7,231), മാർച്ച് (7,835), ഏപ്രിൽ (7,011), മെയ് (8,903), ജൂൺ (6,333), ജൂലൈ (7,733), ഓഗസ്റ്റ് (8,605).
ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്‌ത വാഹനങ്ങളിൽ 6,641 സ്വകാര്യ കാറുകളും 216 സ്വകാര്യ മോട്ടോർസൈക്കിളുകളും 1,173 സ്വകാര്യ ട്രാൻസ്പോർട്ട് വാഹനങ്ങളും 54 ട്രെയിലറുകളും 131 ഹെവി വെഹിക്കിളുകളും 390 എണ്ണം മറ്റ് വിഭാഗങ്ങളുമാണ്.
വാഹന വിൽപ്പനയിലെ ഈ വളർച്ച ഖത്തറിൻ്റെ സ്ഥിരമായ സാമ്പത്തിക പുരോഗതിയും വർദ്ധിച്ചുവരുന്ന ജനസംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഖത്തറിലെ ജനസംഖ്യ 2024 ഓഗസ്റ്റ് അവസാനത്തോടെ 3.054 ദശലക്ഷത്തിലെത്തി. ജനസംഖ്യ 2008 ഒക്ടോബറിലെ 1.54 ദശലക്ഷത്തിൽ നിന്ന് 16 വർഷത്തിനുള്ളിൽ ഇരട്ടിയായാണ് വർധിച്ചിരിക്കുന്നത്.
2024 ഓഗസ്റ്റിൽ, 7,928 ഡ്രൈവിംഗ് ലൈസൻസുകൾ വിതരണം ചെയ്‌തു, ജൂലൈയിൽ നൽകിയ 7,883 ഡ്രൈവിംഗ് ലൈസൻസുകളെ അപേക്ഷിച്ച് ഇക്കാര്യത്തിലും വർദ്ധനവുണ്ട്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp