സ്ക്രൂഡ്രൈവർ കൊണ്ട് അക്രിലിക് മാസ്റ്റർപീസുകൾ സൃഷ്‌ടിക്കുന്ന പ്രവാസി കലാകാരൻ ശ്രദ്ധാകേന്ദ്രമാകുന്നു
ഫിലിപ്പിനോ കമ്മ്യൂണിറ്റിയിൽ “ആർട്ട്സെനിക്” എന്ന് അറിയപ്പെടുന്ന ആർസെനിയോ ജൂനിയർ നിഡോയ് എന്ന പ്രവാസി കലാകാരൻ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് നിർമിക്കുന്ന കലാസൃഷ്‌ടികൾ ശ്രദ്ധ പിടിച്ചു പറ്റുന്നു. അക്രിലിക് ഷീറ്റുകളിൽ ഛായാചിത്രങ്ങളാണ് അദ്ദേഹം സ്ക്രൂഡ്രൈവർ ഉപയോഗിച്ച് നിർമിക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഖത്തറിലും പുറത്തും ശ്രദ്ധ നേടുന്നു.
അവാർഡ് നേടിയ സ്ട്രീറ്റ് ഫോട്ടോഗ്രാഫറായിരുന്ന ആർട്‌സെനിക്, കോവിഡ് പാൻഡെമിക് സമയത്ത് സ്ക്രിബിൾ ആർട്ട് സൃഷ്ടിക്കുന്നതിലേക്ക് ചുവടു മാറ്റി. അക്രിലിക് ഷീറ്റുകളിൽ ആർട്ട് ചെയ്യുന്നതിനായി പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ തീരുമാനിച്ചാണ് അദ്ദേഹം സ്ക്രൂഡ്രൈവർ ഉപയോഗിക്കുന്നത്. ഈ രീതി ഉപയോഗിക്കുന്ന ഖത്തറിലെ ആദ്യത്തെ കലാകാരൻ താനാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
2024 ഓഗസ്റ്റിൽ അദ്ദേഹം വാച്ച് മേക്കർമാരുടെ കൈവശമുണ്ടാകാറുള്ള സ്ക്രൂഡ്രൈവർ ഉപയോഗിച്ച് സ്ക്രിബിളുകൾ അക്രിലിക്കിൽ വരയ്ക്കാൻ തുടങ്ങി. അക്രിലിക്കിൽ വരച്ചത് മായ്ക്കാനോ തിരുത്താനോ കഴിയില്ലെന്നതിനാൽ എല്ലാം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യണം.
ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, സാൽവഡോർ ഡാലി, ചെസ്റ്റർ ബെന്നിംഗ്ടൺ തുടങ്ങിയ പ്രശസ്തരായ ആളുകളുടെ ഛായാചിത്രങ്ങൾ ആർട്‌സെനിക് സൃഷ്ടിച്ചിട്ടുണ്ട്. താൻ തൻ്റെ വിഷയങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നില്ലെന്നും തനിക്ക് പ്രചോദനം നൽകുന്നതെന്തും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറയുന്നു.
പുതിയ മെറ്റീരിയലുകൾ പരീക്ഷിക്കണമെന്നും സൃഷ്ടിപരമായ അതിരുകൾ ഇല്ലാതാക്കണമെന്നും മറ്റു കലാകാരന്മാരോട് അദ്ദേഹം പറയുന്നു. തൻ്റെ കല മാധ്യമത്തെ മാത്രമല്ല, അത് സൃഷ്ടിക്കുന്ന വികാരത്തെയും ബന്ധത്തെയും കുറിച്ച് കാണിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.