Qatar

നാളെ എല്ലാ ഗവണ്മെന്റ് സ്‌കൂളുകൾക്കും ഡിസ്റ്റൻസ് ലേർണിംഗ് ഡേ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

എല്ലാ സർക്കാർ ഗവണ്മെന്റ് സ്‌കൂളുകൾക്കും നാളെ, 2024 നവംബർ 19 ചൊവ്വാഴ്ച്ച “ഡിസ്റ്റൻസ് ലേർണിംഗ് ഡേ” ആയിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) ഒരു സർക്കുലർ പുറത്തിറക്കി. അധ്യാപന-പഠന സംവിധാനങ്ങൾ വൈവിധ്യവത്കരിക്കാനുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാങ്കേതികപരമായ മികവ് വർദ്ധിപ്പിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

215 സർക്കാർ സ്‌കൂളുകളിലും ‘ഡിസ്റ്റൻസ് ലേർണിംഗ് ഡേ’ നടപ്പാക്കുന്നതിനുള്ള തീയതി നവംബർ 19 ചൊവ്വാഴ്ച്ചയായിരിക്കുമെന്നും കിൻ്റർഗാർട്ടൻ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ തുടരുമെന്നും മന്ത്രാലയം സർക്കുലറിലൂടെ വിശദീകരിച്ചു.

വിദ്യാർത്ഥികൾ ലൈവ് ക്ലാസുകളിൽ ഹാജരാകുന്നത് ഖത്തർ എഡ്യൂക്കേഷണൽ സിസ്റ്റത്തിലൂടെ ആയിരിക്കുമെന്നതിനാൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ രാവിലെ 7:10 ന് ആരംഭിക്കും. മിഡിൽ, സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രക്ഷേപണ പാഠങ്ങൾ രാവിലെ 8 മണിക്ക് ആരംഭിക്കും.

വീട്ടിൽ പഠിക്കാൻ ശാന്തവും അനുയോജ്യവുമായ അന്തരീക്ഷം നൽകിക്കൊണ്ട്, വിദ്യാർത്ഥികൾക്ക് മികച്ച അനുഭവം നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. ഏതെങ്കിലും വിദ്യാർത്ഥിക്ക് രണ്ട് ക്ലാസുകൾ നഷ്‌ടപ്പെട്ടാൽ ഹാജരാകാത്തതായി കണക്കാക്കും.

സിസ്റ്റത്തിലേക്ക് വിദ്യാർത്ഥികളുടെ പ്രവേശനം സുഗമമാക്കുന്നതിന് തങ്ങളുടെ യൂസർനെയിമും പാസ്‌വേഡും ഉറപ്പുവരുത്തണം. ഖത്തർ എഡ്യൂക്കേഷണൽ സിസ്റ്റത്തിൻ്റെയും മൈക്രോസോഫ്റ്റ് (ടീംസ്) പ്രോഗ്രാമിൻ്റെയും ലഭ്യത ഉറപ്പു വരുത്തുകയും അവ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയും വേണം. https://pwdreset.edu.gov.qa/ എന്ന ലിങ്കിലൂടെ യൂസർനെയിം, പാസ്‌വേഡ് എന്നിവ വീണ്ടെടുക്കാൻ കഴിയും.

ഇതുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കിൽ സ്‌കൂൾ അഡ്‌മിനിസ്ട്രേഷനുമായോ ഹോട്ട്ലൈനായ 155 എന്ന നമ്പറിലേക്ക് രക്ഷിതാക്കൾക്ക് ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button