വാട്ടർ ടാക്‌സി പ്രൊജക്റ്റിന്റെ ആദ്യഘട്ടം പൂർത്തിയായെന്ന് ഖത്തർ ഗതാഗത മന്ത്രാലയം
ലുസൈൽ ഫെറി ടെർമിനലും പേൾ, കോർണിഷ് എന്നിവിടങ്ങളിലെ രണ്ട് ഫെറി സ്റ്റോപ്പുകളും ഉൾപ്പെടുന്ന വാട്ടർ ടാക്‌സി പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി ഗതാഗത മന്ത്രാലയം (MoT) ഇന്നലെ അറിയിച്ചു.
ഓൾഡ് ദോഹ പോർട്ടിൽ 450-ലധികം മറൈൻ ഇന്ഡസ്ട്രികളും ബ്രാൻഡുകളും പങ്കെടുക്കുന്ന ഖത്തർ ബോട്ട് ഷോയിലാണ് പ്രഖ്യാപനം നടന്നത്. ഗതാഗത മന്ത്രാലയം ഈ ഇവൻ്റിൻ്റെ പങ്കാളിയാണ്, കൂടാതെ ലുസൈൽ ഫെറി ടെർമിനലിൻ്റെ മാതൃക പ്രദർശിപ്പിക്കുന്ന ഒരു ബൂത്തും വാട്ടർ ടാക്‌സി പദ്ധതിയെക്കുറിച്ചുള്ള വീഡിയോ അവതരണവും നൽകിയിട്ടുണ്ട്.
മറ്റ് പൊതുഗതാഗത ഓപ്ഷനുകളുമായി ബന്ധിപ്പിക്കുന്ന, പരിസ്ഥിതി സൗഹൃദവും ആധുനികരീതിയിലുള്ളതുമായ ജലഗതാഗതം നൽകാനും ആളുകൾക്ക് വിവിധ പ്രദേശങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നത് എളുപ്പമാക്കാനും വാട്ടർ ടാക്‌സി പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി പൊതുഗതാഗത സംവിധാനവുമായി ബന്ധിപ്പിക്കുകയും ഖത്തറിൻ്റെ മൂന്നാം ദേശീയ വികസന തന്ത്രം, ഖത്തർ നാഷണൽ വിഷൻ 2030 എന്നിവയുമായി സംയോജിപ്പിക്കുകയും ചെയ്യും.
ലുസൈൽ ഫെറി ടെർമിനൽ 2,200 ചതുരശ്ര മീറ്ററിലധികം വിസ്‌തൃതിയുള്ളതാണ്. ഫെറികൾ ഡോക്ക് ചെയ്യാനുള്ള പൊണ്ടൂണുകൾ ഉള്ളതിന് പുറമെ അവ റീചാർജ് ചെയ്യാൻ ഇലക്ട്രിക് ചാർജറുകൾ സജ്ജീകരിച്ചിരിക്കുന്നു. ടെർമിനലിന് 24 മീറ്റർ നീളമുള്ള നാല് ഫെറികൾ ഒരേസമയം കൈകാര്യം ചെയ്യാൻ കഴിയും. കൂടാതെ കാത്തിരിപ്പ് കേന്ദ്രം, ടിക്കറ്റ് ബൂത്തുകൾ, കടകൾ, ഓഫീസുകൾ എന്നിവയുണ്ട്. പേൾ, കോർണിഷിലെ ഫെറി സ്റ്റോപ്പുകളിൽ പോണ്ടൂണുകളും ടിക്കറ്റിംഗ്, കസ്റ്റമർ സർവീസ് ഓഫീസുകളും ഉണ്ട്.
പദ്ധതിക്കായി ഒരു ഓപ്പറേറ്ററെ കണ്ടെത്തുന്നതിനും ഉപയോഗിക്കേണ്ട ഫെറികൾ തിരഞ്ഞെടുക്കുന്നതിനും MoT നിലവിൽ പ്രവർത്തിക്കുന്നു. അടുത്ത ഘട്ടങ്ങളിൽ കത്താറ, ഓൾഡ് ദോഹ തുറമുഖം, ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട്, അൽ വക്ര എന്നിവിടങ്ങളിലേക്ക് വാട്ടർ ടാക്‌സി റൂട്ടുകൾ വിപുലീകരിക്കും. രാജ്യത്തിനകത്ത് ഫെറി യാത്ര പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഖത്തറിൻ്റെ ടൂറിസം ലക്ഷ്യങ്ങളെ ഈ പദ്ധതി പിന്തുണയ്ക്കും.
ബോട്ട് ഷോയിൽ, ഗതാഗതമന്ത്രാലയത്തിന്റെ ബൂത്ത് ജനപ്രീതി നേടുന്നുണ്ട്. കൂടാതെ, ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായി MoT രണ്ട് പാനൽ ചർച്ചകൾ നടത്തുന്നു. ആദ്യത്തേത് വ്യത്യസ്‌ത തരം ബോട്ടുകൾ ഉപയോഗിച്ചുള്ള സുരക്ഷിതമായ നാവിഗേഷനെക്കുറിച്ചും രണ്ടാമത്തേത് ആളില്ലാ ബോട്ടുകളും വിനോദ ബോട്ടുകളും ഉൾപ്പെടെയുള്ള ചെറിയ ബോട്ടുകൾക്ക് സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചാണ്.