ഫലസ്തീനായി ധന സമാഹരണം ലക്ഷ്യമിട്ടുള്ള ‘സ്റ്റാൻഡ് വിത്ത് പാലസ്തീൻ’ ഫണ്ട് റൈസിംഗ് പരിപാടി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം നടക്കും. ഫുട്ബോൾ മൽസരവും മറ്റു ഷോകളും ഉൾപ്പെടുന്നതാണ് പരിപാടി.
ഗസയിൽ ക്രൂരമാ ആക്രമണത്തിന് വിധേയരായ ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഖത്തർ ഫൗണ്ടേഷനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഖത്തർ അക്കാദമി ദോഹയിലെ വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രാദേശിക, അന്തർദേശീയ കളിക്കാർ, മാധ്യമ പ്രവർത്തകർ, ഇൻഫ്ലുവൻസർമാർ, ഖത്തർ അക്കാദമി ദോഹ, പലസ്തീനിയൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുന്ന ഫുട്ബോൾ ഷോഡൗണാണ് സംരംഭത്തിന്റെ പ്രധാന പരിപാടി.
ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം ഫലസ്തീനിലേക്ക് സംഭാവന ചെയ്യും. പകുതി സമയത്ത്, കാണികൾക്കുള്ള സമ്മാനങ്ങൾക്കുള്ള നറുക്കെടുപ്പും ഉണ്ടായിരിക്കും.
കലാകാരൻമാരായ നാസർ അൽ-കുബൈസി, ദന അൽ മീർ, നെസ്മ ഇമാദ്, ഹലാ അൽ ഇമാദി എന്നിവരുടെ സംഗീത പ്രകടനങ്ങളും ‘പലസ്തീൻ അറബിയേ’, ‘മൗതിനി’ എന്നീ ഗാനങ്ങൾ ഉൾപ്പെടുന്ന സംഗീത ശില്പവും, ഒരു ഡ്രോണ് ഷോയും പരിപാടിയിൽ ഉൾപ്പെടുന്നു.
പരിപാടിയുടെ ടിക്കറ്റുകൾ വളരെ നേരത്തെ തന്നെ വിറ്റുതീർന്നു. ഇത് ഫലസ്തീനിലെ ദുരിതബാധിതരെ സഹായിക്കാനുള്ള ഖത്തറിലെ പ്രാദേശിക സമൂഹത്തിന്റെ പ്രതിബന്ധത കാണിക്കുന്നു.
കൂടാതെ, ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് സ്റ്റേഡിയത്തിലെ സ്ക്രീനുകളിൽ പങ്കിടുന്ന ലിങ്ക് വഴി സംഭാവനകൾ ശേഖരിക്കുകയും സമാഹരിച്ച തുക പരിപാടിയിൽ പ്രഖ്യാപിക്കുകയും ചെയ്യും.
സ്കൂൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ഖത്തർ അക്കാദമി ദോഹയിലെ നൂറിലധികം വിദ്യാർഥികൾ പരിപാടിയിൽ സന്നദ്ധസേവനം നടത്തും. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും വളണ്ടിയർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
വൈകുന്നേരം 4 മണിക്ക് എജ്യുക്കേഷൻ സ്റ്റേഡിയം ഗേറ്റ് തുറക്കുകയും 6 മണിക്ക് പരിപാടി ആരംഭിക്കുകയും ചെയ്യും. 7 മണിക്കാണ് ഫുട്ബോൾ മത്സരം. 30 മിനിറ്റ് വീതമുള്ള രണ്ട് ഹാഫുകളിലാണ് മാച്ച്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv