ദോഹ: കൊവിഡിനെതിരെ ഒരു മാസത്തിനകം ഖത്തർ സമൂഹ പ്രതിരോധശേഷി (ഹെർഡ് ഇമ്യുണിറ്റി) നേടുമെന്ന് ഖത്തർ പൊതുജനാരോഗ്യ ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ ഥാനി പറഞ്ഞു. സമൂഹ ജനസംഖ്യയിൽ നിശ്ചിത ശതമാനം ആളുകൾ വാക്സീൻ സ്വീകരിക്കുന്നതോടെ പകർച്ചവ്യാധിക്കെതിരെ കൂട്ടായ പ്രതിരോധ ശേഷി കൈവരികയും നിർമാര്ജ്ജനത്തിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഹെർഡ് ഇമ്യൂണിറ്റി. ദോഹ ബാങ്ക് സംഘടിപ്പിച്ച ‘ഖത്തർ സാമ്പത്തിക വികസനവും അവസരങ്ങളും’ എന്ന വെർച്വൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിൽ ഹെർഡ് ഇമ്യുണിറ്റി കൈവരിക്കുന്ന ലോകത്തെ ആദ്യരാജ്യങ്ങളിൽ ഒന്നായിരിക്കും ഖത്തർ എന്നും ഇത് താമസിയാതെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ടൂറിസം മേഖല വരും മാസങ്ങളിൽ പുനരാരംഭിക്കാൻ ആവും. ആദ്യഘട്ടത്തിൽ വാക്സീൻ എടുത്തവരെയും തുടർന്ന് എല്ലാവരെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ മേഖലയും ജനജീവിതവും സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കപ്പെടും, അദ്ദേഹം വിശദമാക്കി. യോഗ്യരായ എല്ലാവരും വാക്സീൻ സ്വീകരിക്കാൻ അൽ ഥാനി അഭ്യർത്ഥിക്കുകയും ചെയ്തു.