ചെറുപ്രായത്തിൽ തന്നെ കുന്നോളം സ്വപ്നങ്ങളുമായി നാടും വീടും വിട്ട് പ്രവാസമണയുന്നതാണ് നമ്മുടെ പൊതുവായ രീതി. ഭൂരിപക്ഷം ആളുകളും ചെന്നെത്തുന്നിടത്ത് മാനസില്ലാ മനസോടെയാണ് ജോലിയും താമസവും എല്ലാം ആരംഭിക്കുക, അവിടെ തുടങ്ങും അയാളുടെ പ്രമേഹവും പ്രഷറും മാടി വിളിക്കുന്ന ഭക്ഷണ രീതി. സാഹചര്യങ്ങൾ അയാളെ ഭക്ഷണം ക്രമീകരിക്കാനോ മറ്റ് വ്യായാമങ്ങൾക്കോ അനുവദിക്കുന്നില്ല. ഇനി ആരെങ്കിലും അങ്ങിനെ തുടങ്ങിയാൽ അവനെ നിരുത്സാഹപ്പെടുത്തലാണ് മിക്ക ബാച്ച്ലേഴ്‌സ് റൂമുകളിലെയും സാഹചര്യം.
വർഷങ്ങൾക്ക് ശേഷം ഈ മനുഷ്യൻ പ്രവാസം നിർത്തി നാട്ടിൽ എത്തിയാൽ നാട്ടിലെ സുഹൃത്ത് ഇത്രയും കാലത്തെ നിന്റെ സമ്പാദ്യം എന്താടോ..? എന്ന ചോദ്യത്തിന് ഈ മനുഷ്യൻ നൽകുന്ന ഉത്തരം ആണ് നമ്മുടെ ഈ തലമുറ എങ്കിലും മാറ്റി എടുക്കേണ്ടത്.. മക്കളെ കെട്ടിച്ചു, ചെറിയൊരു വീട് വെച്ചു അതിന്റെ കടം ബാക്കി പിന്നെ കാര്യമായ സമ്പാദ്യം പ്രമേഹവും പ്രഷറും ഹൃദൃരോഗവും ആണ്.
ആരോഗ്യം ഇല്ലെങ്കിൽ ഒന്നുമില്ലെന്ന ചിന്തയും നമ്മളാൽ ജീവിത ശൈലി രോഗങ്ങൾക്ക് പിടി കൊടുക്കില്ലെന്ന ദൃഡനിശ്ചയവും ഉണ്ടെങ്കിൽ ഇത്തരം രോഗങ്ങൾ വരാതെ തടയാം.
▶️ മാതാപിതാക്കൾക്ക് പ്രഷറും പ്രമേഹവും ഉണ്ടെങ്കിൽ 30 വയസിന് ശേഷവും അല്ലാത്തവർ 35 വയസിന് ശേഷവും പ്രമേഹം മുൻകൂട്ടി അറിയാൻ കഴിയുന്ന മൂന്ന് മാസത്തെ ആവറേജ് ഷുഗർ അറിയുന്ന #Hba1c ( 5.7% to 6.4% പ്രമേഹത്തിന്റെ മുമ്പുള്ള ലെവൽ അഥവാ Pre-Diabetes. #6.5 % മുകളിൽ പ്രേമേഹം) എന്ന ടെസ്റ്റ് വർഷത്തിൽ ഒരിക്കൽ എങ്കിലും ചെയ്യുക, കൂടാതെ 6 മാസത്തിൽ ഒരിക്കൽ ബി പി ചെക്ക് ചെയ്ത് നോർമൽ ആണെന്ന് ഉറപ്പ് വരുത്തുക.
▶️ 30 വയസിന് ശേഷം ഘട്ടം ഘട്ടമായി പഞ്ചസാരയും മറ്റ് മധുര ഉത്പന്നങ്ങളും ഒഴിവാക്കുക.
▶️ പ്രവാസികൾക്ക് പ്രമേഹം വരാൻ പ്രധാന കാരണമായ കോള, പെപ്സി, ഡ്യൂ, പാക്കറ്റ് ജ്യൂസുകൾ തുടങ്ങി എല്ലാ ശീതള പാനീയങ്ങളും, ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, തുടങ്ങിയവയും ഒഴിവാക്കുക.
▶️ മൈദ അടങ്ങിയ വെള്ള കുബ്ബൂസ്, പൊറോട്ട, എണ്ണക്കടികൾ, ബേക്കറി ഉൽപന്നങ്ങൾ, തുടങ്ങിയവ സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുക.
▶️ ചോറ് മലയാളിക്ക് ഒഴിച്ച് കൂടാൻ പറ്റാത്തത് ആയതിനാൽ ഒരു നേരം മാത്രം കഴിക്കുക, പകരം പച്ചക്കറികൾ, കടല പയർ വർഗ്ഗങ്ങൾ, മത്സ്യം, തൈര്, ഓട്സ് എന്നിവ ഉൾപെടുത്തുക.
▶️ പഴം, മാങ്ങ, തണ്ണിമത്തൻ, മുന്തിരി, കാരക്ക തുടങ്ങിയ പഴ വർഗ്ഗങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കി ആപ്പിൾ, ഓറഞ്ച്, കിവി, കുക്കുമ്പർ, ഇല വർഗ്ഗങ്ങൾ ദിവസേന കഴിക്കുക.
▶️ കൊഴുപ്പും എണ്ണയും ഉപ്പും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
▶️ ശരീര ഭാരം നിയന്ത്രിച്ച് നിർത്തുക.
▶️ ഏറ്റവും കുറഞ്ഞത് ദിവസേന 45 മിനുട്ട് ആഴ്ചയിൽ 5 ദിവസം വ്യായാമം (നടത്തം ഉത്തമം) ശീലമാക്കുക.
▶️ മാനസിക സമ്മർദ്ദം നിയന്ത്രിച്ച് സാഹചര്യങ്ങളോട് പൊരുത്തപ്പെടുക, അധികമായാൽ മടി കാണിക്കാതെ ചികിത്സ തേടുക.
▶️ ഭക്ഷണം എല്ലാവർക്കും പ്രിയപ്പെട്ടതായതിനാൽ ഇഷ്ട ഭക്ഷണം ആഴ്ചയിൽ ഒരു ദിവസം കഴിക്കാം.
▶️ ശരീരത്തിന്റെ പ്രവർത്തനത്തിന് വെള്ളം പ്രധാനമായതിനാൽ 3-4 ലിറ്റർ വെള്ളം ദിവസേന കുടിക്കുക.
▶️ പുകവലിയും മദ്യപാനവും നിർത്താൻ ശ്രമിക്കുക.
▶️ ദിവസവും 7-8 മണിക്കൂർ ഉറങ്ങുക.
▶️ സമൂഹത്തിൽ നിന്ന് ലഭിക്കുന്ന അടിസ്ഥാനമില്ലാത്ത നിർദ്ദേശങ്ങൾ നിരസിക്കുക.
▶️ ആരോഗ്യ കാര്യങ്ങളിൽ ഗൂഗിൾ സേർച്ചിനെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കുക.
ആരോഗ്യമാണ് പ്രധാനം..!! തോറ്റ് കൊടുക്കരുത്..!! ഏവർക്കും പൂർണ്ണ ആരോഗ്യം ആശംസിക്കുന്നു..!
Nizar Cheruvath RN
Public Health Promoter
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j