മൂന്നാമത് കത്താറ ഇന്റർനാഷണൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവലിന് (KIAHF) ബുധനാഴ്ച ഗംഭീരമായ തുടക്കം. ശുദ്ധ ബ്രീഡിലുള്ള അറേബ്യൻ കുതിരകളെ നേരിട്ട് കാണാനായി സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് ആളുകളാണ് കത്താറ കടൽത്തീരത്തേക്ക് ഒഴുകുന്നത്.
മേള ഖത്തരി അശ്വാഭ്യാസ കായിക പാരമ്പര്യം ശക്തിപ്പെടുത്തിയതായി ഉദ്ഘാടന വേളയിൽ കത്താറ ജനറൽ മാനേജർ പ്രൊഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി പറഞ്ഞു.
കത്താറയിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ, ഖത്തർ ഇക്വസ്ട്രിയൻ ഫെഡറേഷൻ, ഖത്തർ റേസിംഗ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് കത്താറ ഇന്റർനാഷണൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കത്താറ വാട്ടർഫ്രണ്ടിലാണ് പരിപാടി നടക്കുന്നത്, വൈകുന്നേരം 3.30 മുതൽ രാത്രി 9.30 വരെ യാണ് സമയക്രമം.
ഫെബ്രുവരി 11 വരെ നടക്കുന്ന 11 ദിവസത്തെ ഇവന്റ് ഇതിനോടകം ഈ മേഖലയിലും ലോകമെമ്പാടുമുള്ള ഏറ്റവും പ്രിയങ്കരമായ കുതിരോത്സവങ്ങളിലൊന്നായി പ്രശസ്തി നേടി. കഴിഞ്ഞ വർഷം 11 രാജ്യങ്ങൾ പങ്കെടുത്തിരുന്നെങ്കിൽ ഈ വർഷം 18 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. അറബ് യൂറോപ്പ്, യുഎസ്എ മേഖലകളിൽ നിന്നുള്ള രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
17,083,500 റിയാൽ (384,147,214.78 ഇന്ത്യൻ രൂപ) ആണ് ഫെസ്റ്റിവലിന്റെ സമ്മാനത്തുക.
ഫെബ്രുവരി 4 വരെ നടക്കുന്ന അറേബ്യൻ പെനിൻസുല ഹോഴ്സ് ഷോയും പ്രധാന പരിപാടികളിൽ ഉൾപ്പെടുന്നു. ഫെബ്രുവരി ആറിന് അറേബ്യൻ കുതിരലേലവും ഫെബ്രുവരി 8 മുതൽ 11 വരെ പ്രശസ്തമായ ടൈറ്റിൽ ഷോയും നടക്കും.
ഇവ കൂടാതെ, കുതിരസവാരിയുടെയും കുതിരകളുടെയും കലാമികവിനെ ഹൈലൈറ്റ് ചെയ്യുന്ന ദൈനംദിന കലാപ്രദർശനങ്ങളും ലൈവ് പെയിന്റിംഗുകളും ഉണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi